ചെന്നൈ: തമിഴ്നാട്ടിലെ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെ അമ്മ സ്ഥാനാർഥിയും ശശികലയുടെ സഹോദരീപുത്രനുമായ ടിടിവി ദിനകരനെതിരെ കേസ് നൽകാനൊരുങ്ങി നടൻ മോഹൻ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷവും വേദനിലയത്തിലെ താമസക്കാരായ ശശികല കുടുംബത്തിന് ഇസഡ് ക്യാറ്റഗറി സുരക്ഷ നൽകുന്നതിനെതിരെ മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകും. പോയസ് ഗാർഡനിലുള്ള തന്‍റെ വസതി വിടേണ്ടി വന്നത് ഈ സുരക്ഷ കൊണ്ടുള്ള ശല്യം മൂലമാണെന്ന് മോഹൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

നടൻ മോഹൻ. ചട്ടക്കാരി, നെല്ല്, പ്രയാണം എന്നിങ്ങനെ മലയാളത്തിന്‍റെ ഒട്ടേറെ മികച്ച ചിത്രങ്ങൾക്കൊപ്പം നിന്ന നായകനടനും സംവിധായകനുമായ മോഹൻ ചെന്നൈയിലെ പോയസ് ഗാർഡനിലായിരുന്നു രണ്ട് വർഷം മുൻപു വരെ താമസം. അവിടെ നിന്ന് മാറേണ്ടി വന്നതിന്‍റെ കാരണം മോഹൻ തന്നെ പറയും.
സർക്കാരിന്‍റെ ഔദ്യോഗികസ്ഥാനങ്ങളില്ലാത്ത പോയസ് ഗാർഡനിലെ താമസക്കാർക്ക് ജയലളിതയ്ക്ക് നൽകിയിരുന്ന സുരക്ഷ തുടരുന്നതെന്തിനെന്നാണ് മോഹന്‍റെ ചോദ്യം. ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭരണവിരുദ്ധവികാരം നേരിടാൻ ബുദ്ധിമുട്ടുന്ന ടിടിവി ദിനകരനെതിരെ അനധികൃതസ്വത്ത് സമ്പാദനത്തിനുൾപ്പടെ ഒട്ടേറെ കേസുകൾ പല കോടതികളിലായുണ്ട്.
മോഹൻ ഉൾപ്പടെയുള്ള പോയസ് ഗാർഡനിലെ താമസക്കാരുടെ ഹർജിയുമായി ഹൈക്കോടതി മുന്നോട്ടുപോയാൽ ജയലളിതയുടെ പേരിലുള്ള വേദനിലയത്തിന്‍റെ ഉടമസ്ഥാവകാശമുൾപ്പടെ ചോദ്യം ചെയ്യപ്പെടും.
