ദിലീപുള്‍പ്പെടെയുളള പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു. ഈ മാസം 14ന് എല്ലാ പ്രതികളും ഹാജരാകണം. ദിലീപുള്‍പ്പെടെയുളള പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ നിര്‍ദേശം .

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം നടി തന്നെ ഉന്നയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസും ഹൈക്കോടതിയെ സമീപിക്കും. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി തള്ളുകയും ചെയ്തിരുന്നു. ഇനിയുള്ള വിചാരണാ നടപടികൾക്കായി കേസ് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. 

അതേയമയം, കേസിലെ മൂന്നാം പ്രതി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു . കേസിൽ ഉടൻ വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 2017 ഫെബ്രുവരി 21 നാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇയാളെ റിമാന്‍റില്‍ വിടുകയായിരുന്നു. അത്താണിയില്‍ വെച്ച് നടിയുടെ വാഹനത്തില്‍ ഇടിച്ച ടെമ്പോ ട്രാവലറില്‍ മണികണ്ഠന്‍ ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

2017 ഫെബ്രുവരി പതിനേഴിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ആദ്യ ഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് കേസിൽ , അന്വേഷണം അവസാനിച്ചെന്ന പ്രതീതിയുണ്ടാക്കി ഗൂഢാലോചനക്കാർക്കായി വലവിരിച്ചിരിക്കുകയായിരുന്നു പോലീസ്. ഒടുവിൽ ഓഗസ്റ്റ് 10ന് ദിലീപ് അറസ്റ്റിലായതോടെയാണ് നടിയെ ആക്രമിച്ച കേസിലെ ക്വട്ടഷനും അതിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളും പുറം ലോകമറിഞ്ഞത്. കേസിലെ എട്ടാം പ്രതിയാണ് ദീലീപ്.