കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സുനില്‍കുമാറിന്റെ അച്ഛനമ്മമാരിലേക്കും. ഇവരുടെ അക്കൗണ്ടില്‍ അടുത്തിടെ എത്തിയ പണത്തെക്കുറിച്ചാണ് സംശയമുയരുന്നത്. ചിട്ടി പിടിച്ച പണമെന്നാണ് സുനില്‍കുമാറിന്റെ അമ്മ പൊലീസിന് നല്‍കിയ മൊഴി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ദിലീപിന്റെ പരാതിയ്‌ക്ക് പിന്നാലെയാണ് സുനില്‍കുമാറിന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.

സുനില്‍കുമാര്‍ ജയിലിലായശേഷം കേസ് നടത്തിപ്പിന് എങ്ങനെ പണമെത്തുന്നു, കുടുംബാംഗങ്ങള്‍ ഇക്കാലത്തിനിടെ നടത്തിയ സാമ്പത്തിയ ഇടപാടുകളെന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒന്നര മാസം മുമ്പ് സുനില്‍കുമാറിന്റെ അമ്മ ശോഭന യൂണിയന്‍ ബാങ്ക് അക്കൗണ്ടിലേക്ക് 45000 രൂപ നിക്ഷേപിച്ചിരുന്നു. ചിട്ടികിട്ടിയ വകയിലുള്ള പണമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. സുനില്‍ കുമാറിന്റെ അമ്മയെ കോടനാട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി.

സുനില്‍കുമാര്‍ കത്ത് കൊടുത്തയച്ചതായി പറയുന്ന വിഷ്ണുവിനെ അറിയില്ലെന്നും അമ്മ മൊഴി നല്‍കി. തനിക്കറിയാവുന്ന വിഷ്ണു സഹോദരിയുടെ മകനാണ്.
എറണാകുളത്ത് എത്തിയശേഷമാണ് മകന്‍ ഇത്തരത്തില്‍ മാറിയത്. മറ്റുള്ളവരെ രക്ഷിക്കുന്നതിനിടെ അവനെന്താണ് അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തെപ്പറ്റി ആലോചിക്കാത്തതെന്നും സുനില്‍കുമാറിന്റെ അമ്മ ചോദിക്കുന്നു.