കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന് വെളിപ്പെടുത്താതെ മുഖ്യപ്രതി സുനില്‍കുമാര്‍. ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയാല്‍ പേര് പറയുമെന്നായിരുന്നു സുനിലിന്റെ അവകാശവാദം. എന്നാല്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ സുനിലിന്റെ റിമാന്‍ഡ് നീട്ടുകയായിരുന്നു പോലീസ്. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് സുനിലിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

രണ്ട് കേസുകളിലാണ് സുനില്‍കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ അങ്കമാലികോടതിയിലും മുതിര്‍ന്ന നടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം എസിജെഎം കോടതിയിലും. രാവിലെ പതിനൊന്ന് മണിയോടെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസിലെ മാഡം ആരെന്ന് മാധ്യമങ്ങള്‍ വീണ്ടും ആരാഞ്ഞു. മാഡം ഉണ്ടെന്നും അത് നടിയാണന്നും ആവര്‍ത്തിച്ച സുനി പേര് കൂട്ടുപ്രതികളുമായി ആലോചിച്ച് പറയാമെന്ന് പറഞ്ഞു.

എറണാകുളം എസിജെഎം നടപടിക്ക് ശേഷം അങ്കമാലി കോടതിയിലേക്ക് കൊണ്ടുപോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും അവസാനനിമിഷം അത് മാറ്റി. പ്രതിയെ കോടതിയില്‍ ഹാജരാക്കാതെതന്നെ സുനില്‍ അടക്കമുള്ള കൂട്ടുപത്രികുടെ റിമാന്‍ഡ് ഈ മാസം 30 വരെ നീട്ടി. എന്നാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാതിരുന്നത് മനപൂര്‍വ്വമാണെന്നും പേര് വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണെന്നും സുനില്‍കുമാറിന്റെ അഭാഭാഷകന്‍ പറഞ്ഞു.