ദില്ലി: നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവർത്തക സുനിത കൃഷ്ണൻ സുപ്രീംകോടതിയെ സമീപിച്ചു.ഹർജിയിൽ സുപ്രീംകോടതി ഫെയിസ് ബുക്കിനോട് വിശദീകരണം ചോദിച്ചു. പ്രദേശികഭാഷയിലെ അതിക്ഷേപങ്ങൾ തടയുന്നതിന് നിർദ്ദേശങ്ങൾ നൽകുമെന്ന് കോടതി അറിയിച്ചു
സുനിതാ കൃഷ്ണന്‍റെ സംഘടനയായ പ്രജ്വല നൽകിയ ഹർജിയിൽ അന്തിമവാദം കേൾക്കുന്നതിനിടെയാണ് കേരളത്തിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുണ്ടെന്ന് സമൂഹമാധ്യങ്ങൾ വഴി പ്രചാരണം നടക്കുന്നതായി അഭിഭാഷക അപർണ്ണ ഭട്ട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികഅതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
കൊച്ചിയിൽ നടിയെ ആക്രമിച്ചതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന സായി വിജയ് എംഎസ്ഡി എന്ന ഫെയിസ് ബുക്ക് പ്രൊഫൈലിലൂടെ തമിഴ് ഭാഷയിലാണ് പ്രചരിപ്പിച്ചത്. ബദ്ധപ്പെടേണ്ട ഫോൺ നമ്പറും ഉണ്ടായിരുന്നു. അശ്ലീല വീഡിയോകൾ നിയന്ത്രിക്കാൻ സംവിധാനമുണ്ടെങ്കിലും തമിഴ് മലയാളം ഉൾപ്പടെ പ്രദേശീകഭാഷയിലുള്ള ഇത്തരം പ്രചാരണം തടയാൻ സംവിധാനമില്ലെന്ന് സുനിതയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
തുടർന്നാണ് ഫെയിസ് ബുക്കിനോട് കോടതി വിശദീകരണം തേടിയത്. ഇക്കാര്യം പരിശോധിക്കുമെന്ന് ഫെയിസ് ബുക്ക് വ്യക്തമാക്കിയതിന് പിന്നാലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നാവകാശപ്പെട്ട വ്യക്തിയുടെ ഫെയിസ് ബുക്ക് പേജ് അപ്രത്യക്ഷമായി.
