കൊച്ചി: നടിയെ ആക്രമിച്ച കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെങ്കില്‍ സുനിലിന് വേണ്ടി ഹാജരാകുമെന്ന് അഡ്വ. ബി.എ. ആളൂര്‍. പുറത്തിറങ്ങിയാല്‍ അപകടമാമെന്നും തനിക്ക് ജാമ്യം വേണ്ടെന്ന് പള്‍സര്‍ സുനില്‍ പറഞ്ഞതായി അഡ്വ. ആളൂര്‍ വ്യക്തമാക്കി. തനിക്ക് ജാമ്യാപേക്ഷ വേണ്ടെന്ന് സുനില്‍ പറഞ്ഞിരുന്നു. 

ജയിലില്‍ സുനില്‍ സുരക്ഷിതനാണ്. പുറത്ത് നിന്ന് ഭീഷണിയുണ്ട്. പുറത്തിറങ്ങിയാല്‍ അപകടമാണ്. അതുകൊണ്ട് ഉടനേ ജാമ്യാപേക്ഷ നല്‍കേണ്ടെന്നാണ് സുനില്‍ പറഞ്ഞതെന്നും ആളൂര്‍ വ്യക്തമാക്കി. 

ഇതുവരെ സുനിലിന്റെ വരെ വക്കാലത്ത് ഏറ്റെടുക്കാനായിട്ടില്ല. ജയിലിലെത്തി സുനിലിനെ കണ്ടിരുന്നു. നേരത്തെ ഉള്ള അഭിഭാഷകരുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. ചില സാങ്കേതിക പ്രശ്നങ്ങളുള്ളതുകൊണ്ടാണ് വക്കാലത്ത് ഏറ്റെടുക്കാന്‍ വൈകിയത്. 

അതേസമയം സുനില്‍ ജയിലിന് പുറത്തുവച്ച് കൈമാറിയ കുറിപ്പ് സംബന്ധിച്ച് പ്രതികരിക്കാന്‍ ആളൂര്‍ തയ്യാറായില്ല. രഹസ്യമൊഴി ആണോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. കോടതിയിലേക്ക് നേരിട്ട് ജയിലര്‍ വഴി അയച്ചതാണ്. ബാ്ക്കി കാര്യങ്ങള്‍ സുനില്‍ വക്കാലത്ത് തന്നതിന് ശേഷം പറയാം. ഗൂഡാലോചന നില നില്‍ക്കുന്നു. വന്‍ സ്രാവുകള്‍ ആണോ ചെറിയ സ്രാവുകളാണോ എന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നും ആളൂര്‍ പറഞ്ഞു.