ബാത്ത്ടബ്ബില്‍ കിടന്ന് ശ്രീദേവിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത് റിപ്പോര്‍ട്ടര്‍

First Published 27, Feb 2018, 4:04 PM IST
Actresses Sridevi Kapoor Death Demo Video
Highlights
  • ശ്രീദേവിയുടെ മരണത്തിന്‍റെ കാരണം തേടി രണ്ടാം ദിവസത്തില്‍ വിവിധ ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ ചെയ്തകാര്യങ്ങള്‍ വന്‍ വിവാദമാകുന്നു

ദില്ലി: ശ്രീദേവിയുടെ മരണത്തിന്‍റെ കാരണം തേടി രണ്ടാം ദിവസത്തില്‍ വിവിധ ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ ചെയ്തകാര്യങ്ങള്‍ വന്‍ വിവാദമാകുന്നു. മരണത്തെക്കുറിച്ച് പുതുതായി പുറത്തുവരുന്ന വാര്‍ത്തകള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്ത വരുന്നത്.

ശ്രീദേവിയുടെ അവസാന പതിനഞ്ച് മിനിറ്റുകള്‍ തങ്ങള്‍ വീണ്ടും റീക്രിയേറ്റ് ചെയ്യുകയാണെന്നാണ് ഹിന്ദി ചാനലായ എ.ബി.പി ന്യൂസ് പറഞ്ഞത്. ബാത്ത് ടബ്ബിന് സമീപം നിന്ന് മരണരംഗങ്ങള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടറെയാണ് ചാനല്‍ കാണിച്ചത്. തെലുങ്ക് ചാനലായ ടിവി 9 ഒരു പടികൂടി കടന്ന് ശ്രീദേവി ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്നതും ബോണി കപൂര്‍ സമീപത്ത് നിന്ന് നോക്കുന്നതും ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനസൃഷ്ടിച്ചു കാണിച്ചു. ബാത്ത് ടബ്ബിന് മുകളില്‍ മദ്യത്തിന്റെ ബോട്ടിലുകള്‍ കാണിക്കാനും ചാനല്‍ മറന്നില്ല. 

മറ്റ് ചാനലുകളെയെല്ലാം കടത്തിവെട്ടുന്ന പ്രകടനമാണ് തെലുങ്ക് ചാനലായ മഹാ ന്യുസ് കാഴ്ച വച്ചത്. മരണത്തിലെ ദുരൂഹത കാണിക്കാന്‍ മഹാന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ബാത്ത് ടബ്ബില്‍ കിടന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാത്ത് ടബ്ബില്‍ വീണാല്‍ ഒരാള്‍ എങ്ങനെ മരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടര്‍ വിവരിക്കുന്നത്. ശ്രീദേവിയുടെ മരണത്തിലെ ഏറ്റവും പരിഹാസ്യമായ റിപ്പോര്‍ട്ടിംഗ് ആയി മാറി ഇത്.

loader