തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് പ്രതികളെ തേടി ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി മനോജ് എബ്രഹാം ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഹൈദരാബാദിലേക്ക് പരിശീലനത്തിനായി തിരിക്കും മുന്‍പാണ് എഡിജിപി തന്‍റെ അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. 

ചൈത്ര തെരെസ ജോണിനെതിരെ പ്രതികൂലമായ പരമാര്‍ശങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്ലെന്നാണ് സൂചന. ഏതാണ്ട് പത്ത് മിനിറ്റോളം മാത്രമാണ് ഡിസിപിയും സംഘവും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചിലവിട്ടതെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും തന്നെ ഡിസിപി ചെയ്തിട്ടില്ലെന്ന് എഡിജിപി സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലും തരത്തില്‍ ബലപ്രയോഗമോ സംഘര്‍ഷമോ പൊലീസ് സംഘം സൃഷ്ടിച്ചിട്ടില്ല. റെയ്ഡിന്‍റെ വിശദാംശങ്ങള്‍ ഡിസിപി അടുത്ത ദിവസം തന്നെ കോടതിയെ അറിയിച്ചെന്നും  എഡിജിപി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യാതൊരു തുടര്‍നടപടിയും ശുപാര്‍ശ ചെയ്യാതെയാണ് എഡിജിപി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത് എന്നാണ് സൂചന. റിപ്പോര്‍ട്ടില്‍ ഇനി എന്ത് വേണമെന്ന കാര്യം ഡിജിപിയാവും തീരുമാനിക്കുക. നിയമപരമായി ചൈത്ര തെരേസ ജോണിന്‍റെ നടപടികളില്‍ തെറ്റുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓഫീസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ചൈത്രയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും എഡിജിപിയെ അറിയിച്ചിട്ടുണ്ട്. .

അതേസമയം ഇത്രയേറെ വിവാദങ്ങള്‍ക്ക് ഇടകൊടുക്കാതെ തന്നെ പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് പ്രതികളെ പിടികൂടാമായിരുന്നുവെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍ പൊതുവെയുള്ള വികാരം. ഉന്നത എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ പ്രതികളായ ബാങ്ക് ആക്രമണക്കേസില്‍ ശക്തമായ സമ്മര്‍ദ്ദത്തിലൂടെ മുഴുവന്‍ പ്രതികളും കീഴടങ്ങുന്ന സാഹചര്യമൊരുക്കാന്‍ പൊലീസിനായിരുന്നു. സമാനമായ രീതിയില്‍ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികളേയും കുടുക്കണമായിരുന്നുവെന്ന വികാരമാണ് പൊലീസ് സേനയ്ക്കുള്ളിലത്. അതേസമയം നിയമപ്രകാരം റെയ്ഡ് നടത്തിയ ഡിസിപിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് പൊലീസിന്‍റെ മനോവീര്യം തകര്‍ക്കുമെന്ന ചിന്തയും സേനയിലുണ്ട്.