ഇടുക്കി: അടിമാലി ബസ്റ്റാന്റില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. കത്തികുത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. അടിമാലി പൂപ്പാറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് ബസ്റ്റാന്റില്‍ ഏറ്റുമുട്ടിയത്. സമയത്തെച്ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണ കാരണം. യാത്രക്കാര്‍ കണ്ടുനില്‍ക്കെ ഒരു മണിക്കൂറോളം ബസ് തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കത്തികളും കല്ലും കമ്പിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബസ് ജീവനക്കാരയ ബോബന്‍, എല്‍ദോസ് എന്നിവര്‍ക്കാണ് കത്തി കുത്തേറ്റത്. ഇവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുത്തേറ്റ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്‍ദോസ്.

സംഭവത്തില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആരും അടിമാലിയിലെ ആശുപത്രികളില്‍ എത്തിയിട്ടില്ല. പൂപ്പാറ റൂട്ടിലെ സമയത്തെ ചൊല്ലി സര്‍വ്വീസ് നടത്തുന്ന ബസുടമകള്‍ തമ്മില്‍ ആഴ്ചകളായി തര്‍ക്കത്തിലായിരുന്നു. ഞായറാഴ്ച വൈകിട്ട് 3 ന് ഇത് സംബന്ധിച്ച് ഇരുവിഭാഗം ബസിലേയും ജീവനക്കാര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം ചെറിയ സംഘട്ടനത്തില്‍ കലാശിച്ചിരുന്നു. ഇതിന് ശേഷം സംഘടിതമായി എത്തിയവര്‍ എതിര്‍ വിഭാഗത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് വീണ്ടും സംഘട്ടനവും കത്തികുത്തും നടന്നത്.

20 ഓളം പേര്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം നടക്കുബോള്‍ സ്ത്രികളും കുട്ടികളും അടക്കം നിരവധി യാത്രക്കാര്‍ ബസ്റ്റാന്റിലുണ്ടായിരുന്നു. ആക്രമണം കണ്ട് ഇവര്‍ നിലവിളിച്ച് കൊണ്ട് ഭയന്നോടി. സംഭവം നടക്കുമ്പോള്‍ നിരവധിപ്പേര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥ കഴിഞ്ഞ് ഏറെ സമയത്തിന് ശേഷമാണ് പൊലീസ് എത്തിയത്. സംഭവം സംബന്ധിച്ച് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.