തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരെ ആഞ്ഞടിച്ച് മുന്‍മന്ത്രി അടൂര്‍ പ്രകാശ്.സര്‍ക്കാരിനെതിരെ സുധീരന്‍ നടത്തിയ വിമര്‍ശനങ്ങളാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരു പ്രധാനകാരണം. വിമര്‍ശനങ്ങള്‍ അനവസരത്തിലുള്ളതായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുത്തുകൊണ്ട് അടുര്‍ പ്രകാശ് വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റാണ് എന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും ഞാന്‍ കുഴപ്പക്കാരനാണെന്നും എഐസിസിയുടെ മുമ്പില്‍ ആക്ഷേപം ഉന്നയിച്ചത്.അതിന്റെ കാരണം അറിയില്ല. മന്ത്രിസഭയുടെ അവസാനകാലത്ത് ഇറക്കിയ പല ഉത്തരവുകളും താന്‍ അറിഞ്ഞുകൊണ്ട് എടുത്തതല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ചില തീരുമാനങ്ങള്‍ താന്‍ പോലും അറിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ അവസാനകാലത്തെ ചില തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല എന്തുകൊണ്ട് മന്ത്രിസഭയില്‍ ഈ വിഷങ്ങള്‍ വന്നപ്പോള്‍ എതിര്‍ത്തില്ലെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. താന്‍ ചെയ്ത നല്ലകാര്യങ്ങളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

