പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോയും നടന്‍ ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതും അഡ്വ പ്രതീഷ് ചാക്കോയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ മുന്‍ പരിചയമുണ്ടെന്നും അസോസിയേഷന്റെ വിവിധ കേസുകളില്‍ പ്രതീഷ് ചാക്കോ ഹാജരായിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ-വിതരണ കമ്പനികളുടെ കേസുമായി ബന്ധമുള്ള അഭിഭാഷകനെ തന്നെ പള്‍സര്‍ സുനിക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇയാളെ പരിചയമില്ലെന്നാണ് ദിലീപ് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലിനോട് പലപ്പോഴും ദിലീപ് സഹകരിക്കുന്നില്ലെന്നും പൊലീസിന് പരാതിയുണ്ട്. പല ചോദ്യങ്ങളോടും മൗനം പാലിക്കുകയാണ്. ഇത് മറികടക്കാന്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. പ്രതീഷ് ചാക്കോ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇയാളുടെ അറസ്റ്റ് തടയാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.
അതേസമയം നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയെങ്കിലും അതിന് വേണ്ടി ഉപയോഗിച്ച മെമ്മറി കാര്‍ഡും ഫോണും കിട്ടിയിട്ടില്ല. മെമ്മറി കാര്‍ഡ്, കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ കൊടുത്തുവെന്നും പ്രതീഷ് ചാക്കോയുടെ കൈയ്യില്‍ കൊടുത്തുവെന്നുമൊക്കെ പള്‍സര്‍ സുനി പലതവണ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതിയും ഈ ചോദ്യം ചെയ്യലില്‍ നിന്ന് തന്നെ ലഭിക്കുമെന്നും പൊലീസ് കരുതുന്നു.
