ന്യൂ‍ഡല്‍ഹി: മണിപ്പൂരിലെ 62 വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടു. അന്വേഷണത്തിനായി സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്സ്പ നിയമിന്‍റെ ചുവടുപിടിച്ച് കൂട്ടക്കൊലയാണ് മണിപ്പൂരിൽ നടന്നതെന്നായിരുന്നു നിരവധി സന്നദ്ധ സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജികളിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത്തരത്തിൽ 1528 വ്യാജ ഏറ്റുമുട്ടലുകൾ നടന്നു. സൈന്യവും പൊലീസും നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾ സംബന്ധിച്ച് ഒരു എഫ്.ഐ.ആര്‍ പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഇക്കാര്യം പരിശോധിച്ച ജസ്റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് 62 ഏറ്റുമുട്ടലുകളാണ് സിബിഐയുടെ അന്വേഷണത്തിന് വിട്ടത്. 2000 മുതൽ 2012 വരെയുള്ള കാലയളവിലെ ഏറ്റുമുട്ടലാണ് അന്വേഷിക്കേണ്ട്. പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

1980 സെപ്തംബര്‍ എട്ടിനാണ് മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കി കൊണ്ടുള്ള അഫ്സ്പ പ്രാബല്യത്തില്‍ വന്നത്. കൊല, കൊള്ള, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി സമാധാന അന്തരീക്ഷം നഷ്ടമായപ്പോഴാണ് അഫ്സ്പ കൊണ്ടുവന്നത്. വിചാരണയില്ലാതെ ആളുകളെ കൊല്ലുന്ന സൈന്യത്തിന്റെ കരിനിയമവാഴ്ചയ്ക്കെതിരെ സുപ്രീം കോടതില്‍ ഹര്‍ജി സമീപിച്ചത്. മണിപ്പൂരില്‍ സൈന്യം നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷവും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.