ലക്നൗ: ഹരിയാനയിലെ ക്രൂര കൊലപാതകത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു. യുപിയിലെ ഹമിര്‍പുര്‍ ജില്ലയിലെ മജ്ജ്ഗവാനിലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ അതേ ഗ്രാമത്തിലെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. 

പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് വന്ന ഇളയ സഹോദരനെ ഇരുവരും ചേര്‍ന്ന് വടിയും കോടാലിയും ഉപയോഗിച്ച് ആക്രമിച്ചു. എന്നാല്‍ കുട്ടി സാഹസികമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഹമിര്‍പുര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഷഹബ് ലാല്‍ യാദവ് പറഞ്ഞു. 

ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബലാത്സംഗം ചെയ്തതിന് ശേഷം പ്രതികളായ സോനുവും സുനിലുമാണ് പെണ്‍കുട്ടിയെ തീയിട്ട് കൊന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇരുവരും ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താന്‍ മുത്തശ്ശിയുടെ വീട്ടില്‍ പോയതായിരുന്നുവെന്നും ആറുമണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

മേല്‍ക്കൂരയിലൂടെ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ മണ്ണെണ്ണയുടെയും കത്തിയ മാംസത്തിന്‍റെയും മണമുണ്ടായിരുന്നു. നിലത്ത് മണ്ണെണ്ണ കാന്‍ വീണ് കിടക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ശബ്ദമുണ്ടാക്കിയ തന്നെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി. 

ഇവിടെനിന്ന് രക്ഷപ്പെട്ട് ഓടിയ സഹോദരന്‍ ബന്ധുക്കളുടെ അടുത്ത് വിവരമറിയിച്ചു. കൃഷിക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. മകളുടെ വിവാഹത്തിനായി എടുത്ത് വച്ച സ്വര്‍ണ്ണവും പണവും ഇരുവരും മോഷ്ടിച്ചതായും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ആണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.