ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിനും പൊലീസ് സറ്റേഷനും പിന്നാലെ പാര്‍ക്കുകള്‍ക്കും കാവി നിറം പകരാന്‍ ഒരുങ്ങി യോഗി സർക്കാർ. പാർക്കുകൾക്കും റോഡിൽ സ്ഥാപിച്ച ഡിവൈഡറുകൾക്കുമാണ് വ്യാപകമായി കാവി നിറം നൽകിയിരിക്കുന്നത്. ലഖ്നൗവിലെ ഗോമതി നഗർ മുനിസിപ്പൽ കോർപ്പറേഷനാണ് പാർക്കുകൾക്കും ഡിവൈഡറുകൾക്കും കാവി നിറം പൂശിയത്. 

നേരത്തെ ഹജജ് ഹൗസിന് കാവി പൂശിയ സർക്കാരിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്ന് വീണ്ടും പഴയ നിറമായ വെള്ളയാക്കി മാറ്റിയിരുന്നു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്വം കരാറുകാരന്റെ തലയിൽ കെട്ടിവച്ചാണ് സർക്കാർ വിവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത്. സംസ്ഥാനം കാവിവൽകരിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നതെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചിരുന്നു

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസ്സുകള്‍, സ്‌കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ രുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയിരുന്നു. അതിന് പിന്നാലെ കാവി നിറം ലക്‌നൗവിലെ ഹജ്ജ് ആസ്ഥാനത്തേക്കും എത്തിയിരുന്നു. വെള്ളനിറത്തിലുള്ള കെട്ടിടത്തിന്റെ ചുവരും മതിലും കാവി നിറമടിച്ച് മാറ്റി. ഉത്തര്‍പ്രദേശില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും അവരുടെ യാത്ര ലക്‌നൗവിലെ ഹജ്ജ് ഹൗസില്‍ നിന്നാണ് തുടങ്ങാറ്. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമായ കെട്ടിടത്തിന്റെ നിറമാണ് യോഗി സര്‍ക്കാര്‍ കാവിയാക്കി മാറ്റിയത്. ഇക്കഴിഞ്ഞ ഒക്ടബോറില്‍, സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി നിറം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസായ ലാല്‍ ബഹദൂര്‍ ശാസ്ത്രിഭവനിലും സെക്രട്ടറിയേറ്റിലുമാണ് കാവി പൂശിയത്.