കൃഷി നശിച്ചതോടെ ആദിവാസികളടക്കമുള്ളവർ പ്രതിസന്ധിയിലായി. കൂലിപ്പണിയെടുത്ത് ജീവിച്ചവർക്ക് അതിനും വഴിയില്ല. മലകൾ വിണ്ടുകീറി നിൽക്കുന്നതിനാൽ പ്രദേശത്ത് ഇനി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പും ലഭിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി

വയനാട്: ഉപജീവന മാർഗമെല്ലാം മണ്ണിനടിയിലായതോടെ പട്ടിണി മുന്നിൽ കാണുകയാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ആദിവാസികളുൾപ്പെടുന്ന ഉൾനാടൻ ഗ്രാമങ്ങൾ. മാനന്തവാടി താലൂക്കിലെ പഞ്ചാരക്കൊല്ലി ഇനി വീണ്ടെടുക്കാനാവാത്ത വിധമാണ് നശിച്ചിരിക്കുന്നത്.

ഇവിടെ താമസിക്കുന്നത് വിലക്കിയതോടെ പ്രദേശത്ത് ജനവാസം എന്നന്നേക്കുമായി നിലയ്ക്കുന്ന സ്ഥിതിയാണ്. ജനവാസമുണ്ടായിരുന്നതിന്‍റെ ചെറിയ സൂചനകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലിന് ശേഷം ബാക്കിയായിട്ടുള്ളൂ.

തകരാത്ത വീടുകളിലേക്ക് പോകാൻ പോലുമാകാത്ത അവസ്ഥയാണ്. കൃഷി നശിച്ചതോടെ ആദിവാസികളടക്കമുള്ളവർ പ്രതിസന്ധിയിലായി. കൂലിപ്പണിയെടുത്ത് ജീവിച്ചവർക്ക് അതിനും വഴിയില്ല. മലകൾ വിണ്ടുകീറി നിൽക്കുന്നതിനാൽ പ്രദേശത്ത് ഇനി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പും ലഭിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി.

ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടു. ക്യാംപുകൾ പിരിച്ചുവിട്ട്, വാടക വീടുകളിലേക്ക് മാറേണ്ടി വന്നതോടെ അതിനുള്ള പണം കണ്ടെത്തുക എന്ന വെല്ലുവിളിയും ഇവർക്ക് മുന്നിലുണ്ട്. കൈയിലാണെങ്കിൽ ഒരു രേഖയും ബാക്കിയില്ല.

ചുരുക്കത്തിൽ നിലനിൽപ്പ് തന്നെ ഭീഷണിയാകുന്ന നിലയിലാണ് പൊതുവേ ദുർബലമായ വയനാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളും ആദിവാസികളടക്കമുള്ള ജനങ്ങളും. പുനരധിവാസത്തിനായി വായ്പ്പയടക്കമുള്ള സർക്കാരിന്‍റെ സഹായം വേഗത്തിലാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.