പെരിയാറിലെ പ്രളയം തകര്‍ത്തുകളഞ്ഞത് ചേന്നമംഗലത്തെ കൈത്തറിഗ്രാമത്തെക്കൂടിയാണ്. സഹകരണ സംഘത്തിന്‍റെ പ്രധാന കേന്ദ്രത്തില്‍ മാത്രം 20 തറികള്‍ ആണ് തകർന്നത്. ഓണവിപണി ലക്ഷ്യമിട്ട് നെയ്ത 20 ലക്ഷം രൂപയുടെ തുണി നശിച്ചു.
കൊച്ചി: പെരിയാറിലെ പ്രളയം തകര്‍ത്തുകളഞ്ഞത് ചേന്നമംഗലത്തെ കൈത്തറിഗ്രാമത്തെക്കൂടിയാണ്. സഹകരണ സംഘത്തിന്‍റെ പ്രധാന കേന്ദ്രത്തില്‍ മാത്രം 20 തറികള്‍ ആണ് തകർന്നത്. ഓണവിപണി ലക്ഷ്യമിട്ട് നെയ്ത 20 ലക്ഷം രൂപയുടെ തുണി നശിച്ചു.
ചേന്ദമംഗലത്തെ കൈത്തറി ഗ്രാമത്തിലെത്തുന്പോള്‍ സഹകരണം സംഘം സെക്രട്ടറി അജിത്ത് പ്രളയം ബാക്കി വച്ച രേഖകളും പണവും വെയിലേല്‍പ്പിച്ച് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. നെയ്തു തൊഴിലാളികളുടെ മുഖത്ത് പുഞ്ചിരി വിരിയേണ്ട കാലമായിരുന്നു ഓണം. ഇക്കൊല്ലം പ്രളയം വന്ന് എല്ലാം കൊണ്ടുപോയി.
ഇരുപത് ലക്ഷം രൂപയുടെ ഓണത്തുണിയ്ക്കു പുറമെ സ്കൂള്‍ യൂനിഫോം ഓഡറനുസരിച്ച് നെയ്തുവച്ചതും ഈ ഡിപ്പോയിലുണ്ടായിരുന്നു. ഓണക്കാലത്തെ കച്ചവടം തുടങ്ങി വന്നപ്പോഴേക്ക് വെള്ളം വന്നു. ചെളി കയറി എല്ലാം നശിച്ചു. ഷോറൂമിന് പിന്നിലെ നെയ്തുശാലയിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്പോള്‍ അജിത്ത് വിങ്ങിപ്പൊട്ടി. ഈ നെയ്തു ശാലയില്‍ ഇരുപത് തറികളുണ്ടായിരുന്നു. ഇന്ന് ഒന്നുപോലും ബാക്കിയില്ല.
ചേന്നമംഗലം ബ്രാന്‍റിന് കീഴില്‍ വരുന്ന ഏഴില്‍ അഞ്ച് സംഘങ്ങളെയും പ്രളയം വിഴുങ്ങി. വീടുകളില്‍ തറിയിട്ട തൊഴിലാളികള്‍ക്കും നഷ്ടം വന്നു. തുണി വിറ്റു കിട്ടുന്ന കാശുകൊണ്ട് ഓണമൊരുങ്ങാനിരുന്ന ആയിരത്തില നെയ്തുകാര്‍ വഴിയാധാരമായി.
