തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ ഗുരുതര ക്രമക്കേടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. തമി‍ഴ്നാട്ടിലെ മൂന്നാംകിട സാധനങ്ങളാണ് വേള്‍ഡ് മാര്‍ക്കറ്റലൂടെ വില്‍പന നടത്തിയിരുന്നത്. ഏജന്‍റുമാരുടെ കളിയാണ് മാര്‍ക്കറ്റില്‍ നടക്കുന്നത് . കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മിന്നല്‍ പരിശോധനക്കുശേഷം മന്ത്രി അറിയിച്ചു

തമി‍ഴ്നാട്ടില്‍ നിന്നെത്തിക്കുന്ന ഉല്‍പന്നങ്ങളാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്നതെന്ന പരാതിയെത്തുടര്‍ന്നായിരുന്നു മന്ത്രി വി എസ് സുനില്‍കുമാറും സെക്രട്ടറി രാജു നാരായണ സ്വാമിയും പരിശോധനക്കെത്തിയത് . മന്ത്രിയുടെ പരിശോധനയില്‍ കണ്ടെത്തിയതാകട്ടെ ഗുരുതര ക്രമക്കേടുകളും. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ എടുക്കാറേയില്ല . മൊത്ത വ്യാപാരികളുടെ പേരാണ് കര്‍ഷകരുടെ പേരായി എ‍ഴുതി ചേര്‍ത്തിരിക്കുന്നത്.

ഇവിടെയെത്തുന്ന പച്ചക്കറികളും പ‍ഴങ്ങളും തമി‍ഴ്നാട്ടില്‍നിന്നാണ്. അതും മൂന്നാംകിട സാധനങ്ങള്‍ മാത്രമാണ്. കള്ളത്തരം കയ്യോടെ പിടികൂടി മന്ത്രി. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് ന്യായ വിലക്ക് ജനങ്ങളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ വേള്‍ഡ് മാര്‍ക്കറ്റ് ചില ഏജന്‍റുമാരുടെ ഇടമായി മാറിയെന്ന് മന്ത്രി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. സംസ്ഥാനത്തെ കൃഷികള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ ഓണത്തിനുമുന്‍പ് സംവിധാനം ഉടച്ചുവാര്‍ക്കുമെന്നും മന്ത്രിയുടെ ഉറപ്പ്.