ദില്ലി: അഗസ്റ്റവെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ സിബിഐ കുറ്റപത്രം നല്‍കി. മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി ഉള്‍പ്പടെ എട്ടുപേരെ പ്രതിചേര്‍ത്താണ് സിബിയുടെ കുറ്റപത്രം. 3500 കോടി രൂപയുടെ വിവിഐ.പി ഹെലികോപ്റ്റര്‍ ഇടപാടിലാണ് ദില്ലി പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം നല്‍കിയത്. 30,000 പേജുള്ള കുറ്റപത്രത്തില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയെ പ്രതിചേര്‍ത്തിട്ടുണ്ട്. 

വ്യവസായി ഗൗതം കെയ്താന്റെ പേരും കുറ്റപത്രത്തിലുണ്ട്. കൂടാതെ ക്രിസ്ത്യന്‍ മിഷേല്‍ ഉള്‍പ്പടെ 4 ഇടനിലക്കാരെയും കേസില്‍ പ്രതിചേര്‍ത്തു. ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റവെസ്റ്റ്‌ലാന്റിന് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിന്റെ കരാര്‍ കിട്ടാനായി മുന്‍ യു.പി.എ സര്‍ക്കാരി്‌നറഎ കാലത്ത് ചട്ടങ്ങള്‍ ലംഘിച്ച് പല ഇടപെടലുകളും നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അതില്‍ മുന്‍ വ്യോമസേന മേധാവി ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് നടത്തിയെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. 

കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നെങ്കിലും അതേകുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളതായി വ്യക്തമല്ല. ഹെലികോപ്റ്ററിന്റെ പറക്കല്‍ ഉയരം 4500 മീറ്ററാക്കി കുറച്ചും, ക്യാബിന്റെ ഉയരം 1.8 മീറ്ററാക്കിയും പരീക്ഷണ പറക്കല്‍ വിദേശത്ത് തീരുമാനിച്ചും അഗസ്റ്റകമ്പനിക്ക് വഴിവിട്ട സഹായം ചെയ്തതിന് തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിരുന്നു. 

ഇതിനെല്ലാം ചൂക്കാന്‍ പിടിച്ചത് എസ്.പി ത്യാഗിയാണെന്നും സിബിഐയുടെ കുറ്റപത്രം പറയുന്നു. കരാറിനായി ഹെലികോപ്റ്റര്‍ കമ്പനി 450 കോടിയിലധികം കോഴ നല്‍കിയതില്‍ എസ്.പി ത്യാഗി ഉള്‍പ്പടെയുള്ളവര്‍ക്ക് നേട്ടമുണ്ടായി എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.