ബത്‌ലഹേം: പതിനാറ് വയസുള്ള പാലസ്തീന്‍ പെണ്‍കുട്ടിക്കെതിരെ 12 കുറ്റങ്ങള്‍ ചുമത്തി ഇസ്രായേല്‍ കോടതി. കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ അഹെദ് തമിമി എന്ന പെണ്‍കുട്ടിക്കെതിരെയാണ് ഇസ്രയേല്‍ കുറ്റം ചുമത്തിയത്. 

കഴിഞ്ഞ ഡിസംബര്‍ 19 ന് നബി സലേഹ് ഗ്രാമത്തിലെ തമിമിയുടെ വീടിന് സമീപത്തെത്തിയ ഇസ്രയേല്‍ പട്ടാളത്തോട് അവിടെനിന്നും പോകാന്‍ തമിമിയും സഹോദരനും ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികളുടെ ആവശ്യത്തെ ചെവിക്കൊള്ളാന്‍ പട്ടാളക്കാര്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതയായ തമിമി ഇസ്രയേല്‍ പട്ടാളക്കാരനെ തല്ലുകയും തൊഴിക്കുകയും ചെയ്യുന്ന വീഡിയോ നാല് ദിവസം കഴിഞ്ഞ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇതേ തുടര്‍ന്ന് അറസ്റ്റിലായ തമിമിനെതിരെ 12 കുറ്റങ്ങളാണ് ഇസ്രയേല്‍ കോടതി ചുമത്തിയിരിക്കുന്നത്. പട്ടാളക്കാരെ കല്ലെറിഞ്ഞു. ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും ഉണ്ട്. തമിമിയുടെ പ്രവര്‍ത്തികള്‍ പരീശീലനം കിട്ടിയ ആളുടെത് പോലെയെന്നാണ് ഇസ്രയേല്‍ പട്ടാളം കോടതിയില്‍ പറഞ്ഞത്. വീഡിയോ ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട തമിമിയുടെ അമ്മ നരിമാനെതിരേയും ഇസ്രയേല്‍ കേസെടുത്തിട്ടുണ്ട്. നബി സലേഹ് ഗ്രാമത്തിലെ പാലസ്തീന്‍ സ്വതന്ത്ര പോരാളികളാണ് തമിമിന്റെ കുടുംബം. 

അവളെ അവര്‍ ജീവിതാവസാനം വരെ ജയിലിലിടും. മകളേക്കുറിച്ചാണ് എന്റെ ആധിയെന്ന് തമിമിയുടെ അച്ഛന്‍ ബാസെം പറഞ്ഞു. എന്നാല്‍ താനൊരു പോരാളിയാണെന്ന് തമിമി വീണ്ടും തെളിയിച്ചിരിക്കുകയാണ്. 12 കുറ്റങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട് കോടതിയിലെത്തിയ തമിമിയോട് ഇസ്രയേലി കോടതി ഏങ്ങനെയാണ് ഞങ്ങളുടെ സൈനികനെ അടിച്ചതെന്ന് ചോദിച്ചു. അക്ഷോഭ്യയായി നിന്ന തമിമി ജഡ്ജിയോട് തന്റെ വിലങ്ങഴിച്ചാല്‍ അതെങ്ങനെയായിരുന്നെന്ന് കാണിച്ചു തരാമെന്നായിരുന്നു മറുപടി പറഞ്ഞത്. 

ഇസ്രയേല്‍ പട്ടാളത്തെ അടിച്ച കുറ്റത്തിന് കോടതി അറസ്റ്റ് ചെയ്ത തമിമിയുടെ ജീവിതത്തെക്കുറിച്ച് ഏവരും ആശങ്കപ്പെടുമ്പോള്‍ പാലസ്തീന്‍ പോരാട്ടത്തിന്റെ പുതിയ പ്രതീകമായി അവള്‍ വളരുകയാണ്. പാലസ്തീന്റെ ജോണ്‍ ഓഫ് ആര്‍ക്ക് എന്നാണ് ഇപ്പോള്‍ തമിമി അറിയപ്പെടുന്നത്.