വീടിന് സമീപം ആയുധമേന്തി നിന്ന രണ്ട് ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് 17കാരിയായ തമീമിക്ക് തടവ് ശിക്ഷ വിധിച്ചത്.
ജറുസലേം: ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പാലസ്തീൻ ചെറുത്തു നിൽപ്പിന്‍റെ പെൺ കരുത്ത് അഹദ് തമീമി ജയിൽ മോചിതയായി. കഴിഞ്ഞ വര്‍ഷം വെസ്റ്റ്ബാങ്കിലുള്ള തമീമിയുടെ വീടിന് സമീപം ആയുധമേന്തി നിന്ന രണ്ട് ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് 17കാരിയായ തമീമിക്ക് തടവ് ശിക്ഷ വിധിച്ചത്. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം അഹദ് ജയില്‍ മോചിതയായി.
സൈനികരെ തമീമി തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ തമീമിയേയും മാതാവിനേയും ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ അധിനിവേശം ഇല്ലാതാകും വരെ ചെറുത്ത് നിൽപ്പ് തുടരുമെന്ന് തമീമി മാധ്യമങ്ങളോട് പറഞ്ഞു. കല്ലേറ് നടത്തിയവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ റബർ ബുള്ളറ്റ് വെടിവയ്പിൽ തമീമിയുടെ പതിനഞ്ചുകാരനായ ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് തമീമി സൈനികരുടെ മുഖത്തടിച്ചത്. തമീമിക്ക് 16 വയസുള്ളപ്പോഴായിരുന്നു സംഭവം. തമീമിയുടെ നടപടിയെ ക്രിമിനൽ കുറ്റകൃത്യമായി സൈനിക കോടതി വിലയിരുത്തുകയും എട്ടു മാസത്തെ തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു. ഇവരുടെ അമ്മയും ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ട് മാസം മുമ്പ് ജയിൽ മോചിതയായിരുന്നു. ശിക്ഷ പൂർത്തിയാക്കിയ തമീമിയെയും അമ്മയെയും ഇസ്രയേൽ ജയിലിൽനിന്ന് വെസ്റ്റ്ബാങ്കിലേക്ക് എത്തിച്ചു.
