ചെന്നൈ: രണ്ടില ചിഹ്നത്തിന് കോഴ നൽകിയ കേസിൽ ജാമ്യം ലഭിച്ച് തിരികെ എത്തിയ അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരന് ചെന്നൈയിൽ അണികളുടെ വൻ വരവേൽപ്പ്. മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഇ.പിഎ.സ് പക്ഷം പ്രഖ്യാപിച്ചപ്പോൾ സ്ഥാനമൊഴിയാൻ തയ്യാറാണെന്നു പറഞ്ഞ ദിനകരൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. തന്നെ പുറത്താക്കാൻ ശശികലയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് ദിനകന്റെ നിലപാട്. 

44 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ദിനകരൻ അഡയാറിലെ വസതിയിൽ തിരികെയെത്തിയപ്പേോൾ അണ്ണാ ഡി.എം.കെ അമ്മാ അണികൾ വരവേറ്റത് പാട്ടും നൃത്തവുമായി ആഘോഷത്തോടെയാണ്. വോട്ടിന് കോഴ നൽകിയെന്ന ആരോപണമുയർന്ന് ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നൽകാൻ ശ്രമിച്ചെന്ന് ദിനകരനെതിരെ കേസെടുക്കുകയും ചെയ്തപ്പോൾ അണ്ണാ ഡി.എം.കെ അമ്മാ പാർട്ടി ഒരു പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിയിരുന്നതാണ്. ശശികലയെയും ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ക്യാമ്പിലുള്ള 20 മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. അന്ന് പാർട്ടിയ്ക്ക് വേണ്ടി അധികാരമുപേക്ഷിയ്ക്കാൻ തയ്യാറാണെന്നു പറഞ്ഞ ദിനകരൻ ഇന്ന് ചുവടുമാറ്റി. പാർട്ടി ജനറൽ സെക്രട്ടറിയ്ക്കല്ലാതെ തന്നെ പുറത്താക്കാൻ ആർക്കുമാവില്ലെന്നായിരുന്നു ദിനകരന്റെ മറുപടി.

പൊതുചടങ്ങുകളിൽ പങ്കെടുത്ത മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ദിനകരന്‍റെ ജയിൽമോചനത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. പനീർശെൽവം ക്യാമ്പുമായുള്ള ലയനസാധ്യത പൂർണമായും മങ്ങിയതോടെ ഇ.പി.എസ്സ്- ദിനകരൻ ക്യാമ്പുകളുടെ അധികാരത്തർക്കമാകും അണ്ണാ ഡി.എം.കെ അമ്മാ പാർട്ടിയിൽ ഇനി കാണുക. അധികാരം നിലനിർത്താനെങ്കിലും പാർട്ടി അങ്ങനെ മൂന്നായി പിളരാതിരിയ്ക്കാൻ രണ്ട് പക്ഷങ്ങളും ശ്രമിച്ചേക്കും. പക്ഷേ ഭിന്നതകൾക്കിടയിലും ഈ ഐക്യം എത്രകാലം തുടരുമെന്നാണ് ഇനി കണ്ടറിയേണ്ടത്.