ചെന്നൈ: ജയലളിതയ്ക്ക് ശേഷം അണ്ണാഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍യോഗവും നിര്‍വാഹകസമിതിയും നാളെ ചെന്നൈയില്‍ ചേരും. ഇതിനിടെ, ശശികലയ്‌ക്കെതിരെ മത്സരിയ്ക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കാനായി എത്തിയ മുന്‍ അണ്ണാഡിഎംകെ അംഗം ശശികല പുഷ്പ എംപിയുടെ അഭിഭാഷകനെയും ഭര്‍ത്താവിനെയും പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തര്‍ കൈയേറ്റം ചെയ്തു. ശശികല പുഷ്പ അണ്ണാ ഡിഎംകെ രാജ്യസഭാ എംപി സ്ഥാനം രാജി വെയ്ക്കണമെന്ന് പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതി ആവശ്യപ്പെട്ടു.
ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കാനുള്ള നിര്‍വാഹകസമിതിയും ജനറല്‍ കൗണ്‍സില്‍ യോഗവും നാളെ നടക്കാനിരിയ്‌ക്കെ ചെന്നൈ റോയപ്പേട്ടയിലുള്ള അണ്ണാഡിഎംകെ ആസ്ഥാനത്തുണ്ടായത് നാടകീയ രംഗങ്ങളാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ജനറല്‍ സെക്രട്ടറിസ്ഥാനത്തേയ്ക്ക് മത്സരിയ്ക്കാനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കാനെത്തിയ ഭര്‍ത്താവ് ലിംഗേശ്വരതിലകനെയും അഭിഭാഷകനെയും പാര്‍ട്ടി പ്രവര്‍ത്തര്‍ മര്‍ദ്ദിച്ചു. പൊലീസെത്തിയാണ് സ്ഥലത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും രാജ്യസഭാ എംപിസ്ഥാനത്ത് തുടരാന്‍ അവര്‍ക്ക് യോഗ്യതയില്ലെന്നും പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു.
നാളെ ഒന്‍പതരയ്ക്ക് അണ്ണാ ഡിഎംകെയുടെ നിര്‍വാഹകസമിതി ചേര്‍ന്ന് ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കാനായി പാര്‍ട്ടി ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനമെടുക്കും. ജനറല്‍ സെക്രട്ടറിയാകാന്‍ പാര്‍ട്ടിയില്‍ നാല് വര്‍ഷം തുടര്‍ച്ചയായി പ്രാഥമികാംഗത്വം വേണമെന്ന ചട്ടത്തിലാണ് ശശികലയ്ക്കായി ഇളവ് നല്‍കുക. തുടര്‍ന്ന് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് ശശികലയെ നേതാവായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം ഐകകണ്‌ഠേന പാസ്സാക്കും. ശശികല നാളത്തെയ യോഗങ്ങളില്‍ പങ്കെടുത്തേയ്ക്കില്ല. ജനുവരി ആദ്യവാരം തന്നെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്നാണ് സൂചന.
