ചെന്നൈ: അണ്ണാ ഡിഎംകെ അമ്മാ പാർട്ടിയുടെ പരമാധികാരം പിടിച്ചെടുക്കാൻ ശ്രമിയ്ക്കുന്ന ടിടിവി ദിനകരന്‍റെ നീക്കങ്ങൾക്ക് തടയിടാൻ ഒപിഎസ് പക്ഷവുമായി ലയനചർച്ചയ്ക്കൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ദിനകരനെ പാർട്ടി പദവികളിൽ നിന്ന് നീക്കുകയും ഒപിഎസ്സിന് ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും ശശികല കുടുംബത്തെ മുഴുവൻ പുറത്താക്കണമെന്ന നിലപാടിൽ ഒപിഎസ് പക്ഷം ഉറച്ചു നിൽക്കുന്നു. തനിക്കെതിരെ പരാതിയുമായി പോയാൽ ഇപിഎസ് മുഖ്യമന്ത്രിക്കസേരയിലുണ്ടാകില്ലെന്ന് ടിടിവി ദിനകരൻ ഭീഷണി മുഴക്കി.
ഒരിടവേളയ്ക്ക് ശേഷം അണ്ണാ ഡിഎംകെയിൽ മൂന്നാം പിളർപ്പിന് വഴിയൊരുങ്ങുകയാണ്. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനെ പദവികളിൽ നിന്ന് നീക്കിയ തീരുമാനം നടപ്പാക്കാൻ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ഭാരവാഹിയോഗം തീരുമാനിച്ച് പ്രമേയം പാസ്സാക്കി.
എന്നാൽ ശശികലയുടെ പദവി സംബന്ധിച്ച് പരാമർശങ്ങളൊന്നും പ്രമേയത്തിലില്ല. മുഖ്യമന്ത്രി, ജനറൽ സെക്രട്ടറി എന്നീ രണ്ട് പദവികളും ലഭിയ്ക്കാതെ ലയനചർച്ചയ്ക്കില്ലെന്ന ഒപിഎസ്സിന്‍റെ നിലപാട് അയഞ്ഞുവെന്നാണ് സൂചന. ഉപമുഖ്യമന്ത്രിപദം നൽകിയാൽ ലയനത്തിന് ഒപിഎസ് തയ്യാറാകുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ശശികല പാർട്ടിയിലുണ്ടെങ്കിൽ ഒപിഎസ് തിരികെ വരില്ല.
എന്നാൽ എടപ്പാടിയുടെ നടപടിയ്ക്കെതിരെ ദിനകരൻ നടത്തിയത് തുറന്ന ഭീഷണിയാണ്. തനിയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാൽ എടപ്പാടി മുഖ്യമന്ത്രിക്കസേരയിലുണ്ടാകില്ലെന്ന് ദിനകരൻ ഭീഷണി മുഴക്കി. ശശികല നിയമിച്ച മുഖ്യമന്ത്രിയ്ക്ക് തുടരാമെങ്കിൽ തനിയ്ക്കും തുടരാമെന്നും എടപ്പാടി ആരെയോ ഭയക്കുകയാണെന്നും ദിനകരൻ തുറന്നടിച്ചു.
സർക്കാരിനെ താഴെയിറക്കുമെന്ന ഭീഷണി ദിനകരൻ മുഴക്കുന്നതോടെ വീണ്ടും എംഎൽഎമാരുടെ എണ്ണം സർക്കാരിന്‍റെ വിധി നിർണയിക്കുമെന്നുറപ്പായി. സർക്കാരിനെ താങ്ങി നിർത്തുന്ന 123 എംഎൽഎമാരിൽ 37 പേർ ദിനകരൻ ക്യാംപിലാണെന്നാണ് കണക്കുകൂട്ടൽ.
അധികാരം കളഞ്ഞുകുളിച്ച് സർക്കാരിനെ താഴെയിറക്കാൻ ഇവർ തയ്യാറാകുമോ അതോ മറുകണ്ടം ചാടുമോ എന്ന് കണ്ടറിയണം. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്‍റെ സത്യപ്രതിജ്ഞയ്ക്കായി ദില്ലിയ്ക്ക് പോകുന്ന ഇപിഎസ്സും ഒപിഎസ്സും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നുറപ്പ്. ദില്ലിയിൽ വെച്ച് ഒരു ലയനത്തിന് കളമൊരുങ്ങുമോ എന്നും കാത്തിരുന്നു കാണാം.
