ചെന്നൈ: അണ്ണാ ഡിഎംകെയിൽ ഇപിഎസ്-ഒപിഎസ് പക്ഷങ്ങളുടെ ലയനചർച്ചകൾ വഴിമുട്ടി. ഉപാധികളിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഒപിഎസ് പക്ഷത്തെ മുതിർന്ന നേതാക്കൾ. ഇതിനിടെ, സ്വാർഥലാഭത്തിന് വേണ്ടി ലയനം നടന്നാലും അത് നിലനിൽക്കില്ലെന്ന് ശശികലയെ കണ്ട ശേഷം ടിടിവി ദിനകരൻ വ്യക്തമാക്കി

ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഒ പനീർശെൽവത്തിന്‍റെ വസതിയിൽ നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ കടുത്ത ഭിന്നത പ്രകടമായിരുന്നു. ലയനം വേണമെന്ന് മുൻമന്ത്രി കൂടിയായ മാഫോയ് പാണ്ഡ്യരാജൻ എംഎൽഎ ഉൾപ്പടെയുള്ളവർ വാദിച്ചപ്പോൾ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന ഉറച്ച നിലപാടാണ് കെ പി മുനിസ്വാമിയും നത്തം വിശ്വനാഥനുമുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ സ്വീകരിച്ചത്. 

സംസ്ഥാനമന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിപദമുൾപ്പടെ രണ്ട് പദവികൾ, ഓരോ കേന്ദ്ര, സഹമന്ത്രിസ്ഥാനങ്ങൾ, വി കെ ശശികലയ്ക്ക് സമാനമായി പാർട്ടിയിൽ ഒരു പദവി എന്നിവ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഭാവിയിൽ ശശികല കുടുംബത്തെ തുടച്ചുനീക്കാൻ അതൊന്നും മതിയാകില്ലെന്ന് ഒരു വിഭാഗം നേതാക്കൾ വാദിച്ചു. ജയലളിതയുടെ മരണം വിരമിച്ച ജഡ്ജിയല്ല, സിബിഐ തന്നെ അന്വേഷിക്കണം, ശശികലയോ മണ്ണാർഗുഡി കുടുംബാംഗങ്ങളോ പാർട്ടിയിലേയ്ക്ക് തിരികെ വരാൻ അനുവദിയ്ക്കരുത് - എന്നീ ആവശ്യങ്ങളിൽ അവരുറച്ചുനിന്നതോടെ ഒപിഎസ്സിന്‍റെ അനുനയശ്രമങ്ങളും പാളി. 

അതേസമയം, എടപ്പാടി ഒരു പടി കൂടി കടന്ന് ജയലളിതയുടെ സ്മൃതികുടീരത്തിൽ പുഷ്പാലങ്കാരം നടത്തി ഇരുപക്ഷങ്ങളും ഒരുമിച്ചെത്തി പ്രാർഥന നടത്താനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ ഏറെ വൈകിയിട്ടും യോഗത്തിൽ സമവായമുണ്ടാകാഞ്ഞതിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. അതേസമയം, ദിനകരൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ ചൊവ്വാഴ്ച ചെന്നൈയിലെത്താനിരിയ്ക്കെ ലയനത്തിനായി കേന്ദ്രസർക്കാരിൽ നിന്നുൾപ്പടെ ശക്തമായ സമ്മർദ്ദം ഇരുപക്ഷങ്ങൾക്കുമുണ്ടെന്നുറപ്പാണ്. സാഹചര്യങ്ങൾ ഡിഎംകെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു.