ആഹാരമില്ലാതെ മസ്കറ്റില്‍ കുടുങ്ങിക്കിടന്നിരുന്ന 53 ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെതുടര്‍ന്നാണ് നടപടി.
കഴിഞ്ഞ പന്ത്രണ്ടു ദിവസം 53 പേര്‍ ആഹാരമില്ലാതെ ഒരു പാകിസ്ഥാന്‍ സ്വദേശിയുടെ ഫ്ലാറ്റിലാണ് താമസിച്ചു വരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മസ്‌കറ്റിലെ ജീവ കാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ മലയാള വിഭാഗം, വി ഹെല്‍പ്, ടീം ഒമാന്‍ തുടങ്ങി നിരവധി സാമൂഹ്യ സംഘടനകള്‍ സഹായവുമായി എത്തിയതോടെ ആഹാരത്തിന്റെ കാര്യത്തിലും ഒരു താല്‍ക്കാലിക ആശ്വാസം ഇവര്‍ക്ക് ലഭിച്ചു. വീട്ടുജോലിക്കാരടക്കമുള്ള ഇന്ത്യന്‍ വനിതകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അവര്‍ക്ക് എംബസ്സിയില്‍ നിന്നും പാര്‍പ്പിട സൗകര്യവും ആഹാരവും ലഭിക്കുമെങ്കിലും പുരുഷന്മാര്‍ക്ക് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ വളരെയധികം പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനൊരു താല്‍ക്കാലിക സംവിധാനമെങ്കിലും എംബസ്സി കണ്ടെത്തണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപെടുന്നത്.
