ദില്ലിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതില്‍ ദില്ലി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. ഹെലികോപ്റ്ററില്‍ വെള്ളം തളിക്കണമെങ്കില്‍ അത് ദില്ലി സര്‍ക്കാ‍ര്‍ ചെയ്യണമെന്ന് കേന്ദ്രം. ഇതിനിടയില്‍ പൊതുഗതാഗതം കൂടുതലാക്കാന്‍ ഇന്നുമുതല്‍ മെട്രോ ട്രെയിനുകളുടെ ഷെഡ്യൂളുകളുകള്‍ വര്‍ധിപ്പിച്ചു

പൊടിപടലങ്ങളും രാസവസ്തുക്കളും അടങ്ങിയ പുകമഞ്ഞ് നിറഞ്ഞ് ദില്ലിയുടെ അന്തരീക്ഷം ഇന്നും അതീവഗുരുതരമാണ്.പ്രാഭത സവാരി ഒഴിവാക്കിയും മാസ്ക് ധരിച്ചും കരുതലെടുക്കുകയാണ് ആളുകള്‍.

എല്ലാ സ്കൂളുകള്‍ക്കും ഞായര്‍വരെ അവധിയാണ്. അന്തരീക്ഷ മലിനീകരണത്തിന് പ്രധാനകാരണമായ സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ സന്നദ്ധ സംഘടനകള്‍ പ്രചാരണങ്ങളുമായി രംഗത്തുണ്ട്. മെട്രോ ഇന്നു മുതല്‍ ഷെഡ്യൂളുകള്‍ കൂട്ടിയിട്ടുണ്ട്. കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തണമെന്ന മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ ശുപാര്‍ശയും ദില്ലി സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.അതേസമയം മലിനീകരണത്തിന്‍റെ പേരില്‍ കേന്ദ്രവും ദില്ലി സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുകയാണ്.ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ദില്ലിക്ക് മുകളില്‍ വെള്ളം തളിക്കണമെന്ന ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ധന്‍ തള്ളി.വലിയ പണച്ചെലവില്ലാത്ത മാര്‍ഗം അതാണെങ്കില്‍ അത് ദില്ലി സര്‍ക്കാരിനാകാമെന്ന് ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തു.ഇന്ന് ഹര്‍ഷ് വര്‍ധനുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കൂടിക്കാഴ്ച നടത്തിയേക്കും.