ദില്ലി: പുതിയ പാര്‍ട്ടി രൂപീകരിയ്‌ക്കുമെന്ന് പ്രസ്താവിച്ച ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയ്‌ക്കെതിരെ അച്ചടക്കനടപടിയുമായി കോണ്‍ഗ്രസ്. ജോഗിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നും പട്ടികവര്‍ഗ സെല്‍ അദ്ധ്യക്ഷസ്ഥാനത്തു നിന്നും നീക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദം ഏറ്റെടുക്കുന്നതിലെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ജോഗി പാര്‍ട്ടി വിടാനൊരുങ്ങുന്നതെന്നായിരുന്നു അഭ്യൂഹം.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കി കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കുമെന്നും ഇതിനായി ഒരു മാസത്തിനകം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് പരോക്ഷ എതിര്‍പ്പുമായി അജിത് ജോഗി രംഗത്തെത്തിയത്. ഛത്തീസ്ഗഢില്‍ ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് അധഃപതിച്ചതിനാലാണ് പുതിയ പാര്‍ട്ടിയുമായി മുന്നോട്ടുപോകുന്നതെന്ന വിശദീകരണം ജോഗി നല്‍കുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയോടുള്ള എതിര്‍പ്പാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പില്‍ കോഴ വാങ്ങി ബിജെപിയ്‌ക്കായി തോറ്റുകൊടുത്തുവെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിക്കെതിരെ കോണ്‍ഗ്രസ് അച്ചടക്കനടപടിയെടുത്തിരുന്നു. ഇക്കാര്യത്തിലും ജോഗിയും ഹൈക്കമാന്‍ഡുമായി അസ്വാരസ്യമുണ്ട്. ഈ മാസം തന്നെ ബഹുജനറാലി നടത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിയ്‌ക്കുമെന്ന് പ്രസ്താവിച്ചതിനെത്തുടര്‍ന്നാണ് ജോഗിയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നും പട്ടികവര്‍ഗസെല്‍ തലവന്‍ സ്ഥാനത്തു നിന്നും അജിത് ജോഗിയെ പുറത്താക്കി. മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവ് ഗുരുദാസ് കാമത്ത് രാജിവെച്ചതും രാഹുല്‍ ഗാന്ധിയോടുള്ള എതിര്‍പ്പു മൂലമാണെന്നാണ് സൂചന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയ്‌ക്ക് ശ്രമിയ്‌ക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് മുതിര്‍ന്ന നേതാക്കളുടെ ഈ കലാപം തിരിച്ചടിയായിരിയ്‌ക്കുകയാണ്.
