പാലക്കാട്: വനം റവന്യൂ വകുപ്പുകൾക്കെതിരെ വിമർശനവുമായി മന്ത്രി എകെ ബാലൻ. വനം റവന്യൂ മന്ത്രിമാർ ബിനോയ് വിശ്വത്തിന്‍റെയും കെപി രാജേന്ദ്രന്‍റെയും മാതൃക പിൻതുടരണമെന്നാണ് ബാലന്‍റെ നിർദ്ദേശം. ആദിവാസി ഭൂ പ്രശ്നങ്ങളോട് ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് പറയുമ്പൊഴാണ് വനം റവന്യൂ വകുപ്പ് മന്ത്രിമാരും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, കഴിഞ്ഞഇടതു സർക്കാരിന്‍റെ കാലത്ത്ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നവരുടെ മാതൃക പിൻതുടരണമെന്ന് മന്ത്രി എകെ ബാലൻ ആവശ്യപ്പെട്ടത്.

കടപ്പാറയിലെ ആദിവാസി ഭൂ പ്രശ്നമടക്കമുള്ള വിഷയങ്ങളിൽ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നിലപാടുകളെ അതി രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമർശിച്ചത്. പട്ടിക വർഗ്ഗ വിഭാഗത്തിനുള്ള ഫണ്ട് യഥാ സമയം ചെലവഴിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ  കർശന നടപടി സ്വീകരിക്കും. നാട്ടിലെ നിയമങ്ങൾ ഉദ്യോഗസ്ഥരും പാലിക്കണമെന്നും ഇത് അഭ്യർത്ഥനയല്ല താക്കീതാണെന്നും മന്ത്രി പാലക്കാട് പറഞ്ഞിരുന്നു. 

കടപ്പാറയിലെ ആദിവാസി ഭൂപ്രശ്നത്തിൽ വനം റവന്യൂ വകുപ്പ് മന്ത്രി മാരുടെ നിലപാടുകളെ വിമർശിച്ച് സിപിഎം എംഎൽഎ കെഡി പ്രസേനൻ നടത്തിയ സമരത്തിന്‍റെ തുടർച്ചയാണ് എ കെ ബാലന്‍റെ പരാമർശങ്ങൾ. പാലക്കാട് പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ സംസ്ഥാന കലാമേളയായ സർഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി.