തിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി കേസിൽ പി.എസ്. ആന്‍റണി കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. ചാനലുകളുടെ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് ഗൈഡ് ലൈൻ നിശ്ചയിക്കണമെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ആദ്യം കുറ്റമുക്തനാക്കപ്പെടുന്നവർ മന്ത്രിയാകുമെന്ന് എൻ.സി.പി പ്രഖ്യാപിച്ചതിനാൽ റിപ്പോർട്ടിന്‍റെ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

ഭൂമി വിവാദത്തിൽ പെട്ട് തോമസ് ചാണ്ടി രാജിവെച്ച സാഹചര്യത്തിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രന് നിർണ്ണായകമാണ് പി.എസ് ആന്‍റണി കമ്മീഷൻ റിപ്പോർട്ട്. ആദ്യം കുറ്റമുക്തനായെത്തുന്നവർ എൻ.സി.പിയുടെ മന്ത്രിയെന്ന ധാരണയിലായിരുന്നു തോമസ് ചാണ്ടിയുടെ രാജി. ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കമൈറുമെന്ന് കമ്മീഷൻ അറിയിച്ചു. ശശീന്ദ്രനെക്കുടുക്കിയ ഫോൺവിളിയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കമ്മീഷൻ പരിശോധിച്ചത്. ഡിസംബർ 31വരെ കമ്മീഷന് കാളാവധിയുണ്ടെങ്കിലും അതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കുകയാണ്.

അനന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് ഗൈഡ് ലൈൻ കൊണ്ടുവരണമെന്ന ശുപാർശ റിപ്പോർട്ടിലുണ്ട്. എന്നാൽ നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവരുന്നത് ശരിയല്ലെന്നും റിപ്പോർട്ടിലുണ്ട്. ശശീന്ദ്രനെതിരായ കേസ് ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിക്കാരിയായ മാധ്യമ പ്രവർത്തക ഹൈക്കോടതിയിൽ ഹ‍ര്‍ജി നൽകിയിട്ടുണ്ട്. കേസ് ഒത്തു തീർപ്പായാലും കമ്മീഷൻ റിപ്പോ‍ട്ടിലെ കണ്ടെത്തലുകളും മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് ശശീന്ദ്രന് നിർണ്ണായകമാണ്.