തൃശൂര്‍: ആവിഷ്‌കാരത്തിന് കൂച്ചുവിടങ്ങിടുന്ന സമകാലിക ലോകത്ത് പ്രതിരോധത്തിന്റെ പാഠങ്ങളെ ഒര്‍മ്മപ്പെടുത്തി ആലപ്പാട്ടുകാര്‍ ഘോഷയാത്ര സംഘടിപ്പിക്കുന്നു. പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിന് കെ. കരുണാകരന്‍ സര്‍ക്കാര്‍ അവതരണാനുമതി നിഷേധിച്ചതാണ് ആലപ്പാടിനും സമരചരിത്രത്തിലിടം നേടിക്കൊടുത്തത്.

ജോസ് ചിറമ്മല്‍

ഭരണകൂടത്തിന്റെ നടപടിയെ നാടകത്തിലൂടെ ചോദ്യം ചെയ്യാന്‍ ജോസ് ചിറമ്മലും നാടക പ്രവര്‍ത്തകരും തീരുമാനിച്ചു. അങ്ങനെ ജോസ് ചിറമ്മലിന്റെ സംവിധാനത്തില്‍ കുരിശിന്റെ വഴി എന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ തെരുവ് നാടകം രൂപംകൊണ്ടു. ആലപ്പാട് നിന്നും തൃപ്രയാറിലേക്കുള്ള ഏകദേശം 10 കിലോമീറ്റര്‍ റോഡിലൂടെ ഒരു തെരുവ് നാടകം എന്നതായിരുന്നു ചിറമ്മലിന്റെയും ആലപ്പാട്ടെ കലാകാരന്മാരുടെയും ഉന്നം. 

എന്നാല്‍ 1986 നവംബര്‍ 17 ന് നാടകം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പൊലീസ് നീക്കം തടഞ്ഞു. ഒരു ഗ്രാമം മുഴുവനും പങ്കെടുത്ത ആ സമരനാടകത്തെ പോലീസ് കൈക്കരുത്ത് കൊണ്ടാണ് നേരിട്ടത്. ഈ സമരസ്മരണ പുതുക്കലിന്റെ ഭാഗമായി നവംബര്‍ 25ന് ആലപ്പാടു നിന്നും തൃപ്രയാറിലേക്ക് കലാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ഘോഷയാത്ര സംഘടിപ്പിക്കുകയാണവര്‍. ആലപ്പാട് നിന്നും പുറപ്പെടുന്ന ഘോഷയാത്ര ചാഴൂര്‍, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി, കിഴക്കേനട എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സന്ധ്യയോടെ തൃപ്രയാറില്‍ സമാപിക്കും. ഇതിനിടയില്‍ വിവിധ കലാവിഷ്‌കാരങ്ങള്‍ ഉണ്ടാകും