സ്വർണ്ണം നഷ്ടപ്പെട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സജീറിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേരും.
ആലപ്പുഴ: ആലപ്പുഴ പൊന്നാംവെളിയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി ബാഗ് തട്ടിയെടുത്ത കേസിൽ നാലു പേർ അറസ്‌റ്റിൽ. ജ്വല്ലറി ഉടമയുടെ പക്കൽ സ്വർണം ഉണ്ടാകും എന്ന ധാരണയിലാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ജ്വല്ലറി ഉടമയുമായി അടുത്ത ബന്ധമുള്ള ആളാണ് കവർച്ച ആസൂത്രണം ചെയ്തത് എന്നും വ്യക്തമായി.
പട്ടണക്കാട് സ്വദേശി സജീർ, ചേർത്തല തെക്ക് സ്വദേശി ശ്രീകുമാർ, തിരുവനന്തപുരം സ്വദേശികളായ അജയഘോഷ്, ബിപിൻ എന്നിവരാണ് പിടിയിലായത്. സജീറാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 26 ന് രാത്രിയാണ് കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമ സലീപ്പനെ നാലംഗ സംഘം ആക്രമിച്ച് കയ്യിൽ ഉണ്ടായിരുന്ന ബാഗ് തട്ടിയെടുത്തത്. കടയടച്ചു പോകുമ്പോൾ കടയിലെ സ്വർണവും സലിപ്പൻ കൊണ്ടുപോകും എന്ന ധാരണയിലായിരുന്നു കവർച്ച.
എന്നാൽ ബാഗിൽ സ്വർണം ഒന്നും ഉണ്ടായിരുന്നില്ല. അഞ്ച് കിലോ അരിയും താക്കോൽക്കൂട്ടവും മാത്രമാണ് ഉണ്ടായിരുന്നത്. സ്വർണ്ണം നഷ്ടപ്പെട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സജീറിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേരും. ഇതിൽ രണ്ടുപേർ സജീറിനൊപ്പം ബസ്സിൽ ജോലി ചെയ്തിരുന്നവരാണ്.
രണ്ടാഴ്ച മുമ്പ് തന്നെ സംഘം സ്ഥലത്തെത്തി കടയും ഉടമയെയും നിരീക്ഷിച്ചിരുന്നു. 26ന് തൃശൂരിൽ നിന്ന് മറ്റൊരാളുടെ വെള്ള സ്വിഫ്റ്റ് കാർ സംഘടിപ്പിച്ചാണ് സംഘം എത്തിയത്. തിരിച്ചറിയപ്പെടാതിരിക്കാൻ സജീർ കാറിൽ നിന്ന് മാറിനിന്നു. മറ്റ് പ്രതികൾ പൊന്നാംവെളി ഭാഗത്ത് കാത്തുനിന്ന് സജീവനെ പിന്തുടർന്ന് കാർ ഇടിപ്പിച്ച് ബാഗ് തട്ടിയെടുക്കുകയായിരുന്നു. ജ്വല്ലറി ഉടമ സലിപ്പനുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ കൂടിയായ സജീർ. മറ്റ് പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.

