തിരുവനന്തപുരം: അടുത്തമാസം ഒന്നുമുതൽ സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂടും. പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്കോയ്ക്ക് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഏറ്റവും കൂടുതൽ വിൽക്കുന്ന ബ്രാൻഡുകള്‍ക്ക് 40 മുതൽ 100രൂപവരെ കൂടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാതയോരത്തെ മദ്യശാലകള്‍ അടഞ്ഞതോടെ ബെവ്ക്കോയുടെ കഴിഞ്ഞ മാസത്തെ നഷ്ടം 100കോടിയാണ്. ഈ മാസത്തെ കണക്കെടുത്ത് പൂർത്തിയാകുമ്പോള്‍ നഷ്ടം 200 കോടികഴിയുമെന്നാണ് കണക്കുകൂട്ടൽ. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യവിലവർദ്ധിപ്പിക്കണമെന്ന് ബെവറേജത് കോർപ്പറേഷന്രെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു. 

വെയർഹൗസിൽ നിന്നും ബാറുകള്‍ക്കും ബെവ്ക്കോ- കണ്‍സ്യൂമർഫെഡ് ഔട്ട് ലെറ്റുകള്‍ക്കും മദ്യവിൽക്കുമ്പോള്‍ ലഭിക്കുന്ന ലാഭം വിഹിതം വർദ്ധിപ്പിക്കാനാണ് തീരുമാനം. നിലവിൽ 24ശതമാനംമാണ് ഓരോ കെയ്സ് മദ്യവിൽക്കുമ്പോഴും ബെവ്ക്കോക്ക് കമ്മീഷൻ. ഇത് 29 ശതമാനമാക്കും. ഔട്ട്ലെറ്റുകളുടെ കമ്മീഷൻ കൂടി ചേർക്കുമ്പോള്‍ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള 500നും ആയിരം രൂപക്കുമടയിലുള്ള മദ്യത്തിന് 40 മുതൽ 100രൂപവരെ കൂടുമെന്നാണ് കണക്ക്. 

തിങ്കഴാഴ്ച പുതിയ നിരക്കുകള്‍ തീരുമാനിക്കും. കണക്കെടുപ്പുകള്‍ പൂർത്തിയാക്കാനും അടുത്തമാസം ഒന്നു മുതൽ പുതിയനിരക്കിൽ മദ്യവിൽപ്പന നടത്താനും വെയർഹൗസ് മാനേജർമാർക്കും ഔട്ട് ലെറ്റ് മാനേജർമാർക്കും എംഡി എച്ച്.വെങ്കിടേശ് നിർദ്ദേശം നൽകി കഴിഞ്ഞു. പ്രാദേശിക എതിർപ്പുകള്‍ കാരണം ബെവ്ക്കോയുടെ പൂട്ടിയ 90 ഔട്ട് ലെറ്റുകള്‍ ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല.