സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസിനുള്ളില്‍ സ്ഥാപിച്ചിരിക്കന്ന ജിന്നയുടെ ചിത്രം മാറ്റണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് രണ്ടിനാണ് സംഘപരിവാര്‍ സംഘടനകള്‍ സര്‍വകലാശാലാ കാമ്പസിലേക്ക് സമരം നടത്തിയത്.

ലക്നൗ: അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം മാറ്റുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല കത്തയച്ചു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസിനുള്ളില്‍ സ്ഥാപിച്ചിരിക്കന്ന ജിന്നയുടെ ചിത്രം മാറ്റണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് രണ്ടിനാണ് സംഘപരിവാര്‍ സംഘടനകള്‍ സര്‍വകലാശാലാ കാമ്പസിലേക്ക് സമരം നടത്തിയത്. മുന്‍ രാഷ്‌ട്രപതി ഹാമിദ് അന്‍സാരിക്ക് യൂണിയന്റെ ആജീവനാന്ത അംഗത്വം സമ്മാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സമരം. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ജിന്നയുടെ ചിത്രം സ്ഥാപിച്ചിരുന്ന ഹാള്‍ പൂട്ടിയിട്ടിരിക്കുകയാണ്. 

ഇപ്പോഴും കനത്ത പൊലീസ് കാവലിലാണ് കാമ്പസ്. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കന്‍ ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് സര്‍വകലാശാലാ അധികൃതര്‍ കത്ത് നല്‍കിയത്. പ്രശ്നം അലിഗഢ് സര്‍വകലാശാലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും നിയമപരമായ ചട്ടക്കൂടിനുള്ളിലാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നുമാണ് സര്‍വകലാശാലാ വക്താവ് ഒമര്‍ പീര്‍സാദ പറഞ്ഞത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ട ക്ലാസ്സുകള്‍ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്.