ജമ്മകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ വധത്തിനു ശേഷമുള്ള സംഘര്‍ഷം തുടങ്ങി 57 ആം ദിനമാണ് സര്‍വ്വകക്ഷി സംഘം ശ്രീനഗറില്‍ എത്തുന്നത്. പ്രത്യേക വിമാനത്തില്‍ പത്തു മണിക്ക് ശ്രീനഗറിലെത്തുന്ന സംഘം 11 മണിക്ക് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണും. ഇതിനു ശേഷം ജമ്മുകശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തും. നാളെ രാവിലെയും സംഘം ശ്രീനഗറിലുണ്ടാവും. വിഘടനവാദി നേതാക്കളുമായി ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. നാളെ ഉച്ചയോടെ ജമ്മുവിലെത്തുന്ന സര്‍വ്വകക്ഷി സംഘം അവിടെയുള്ള നേതാക്കളെ കൂടി കണ്ട ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. ജമ്മുകശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമത്തിന്റെ നേതൃത്വം ആര്‍ക്കെന്ന് വ്യക്തമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സര്‍വ്വകക്ഷി സംഘത്തെ അറിയിച്ചത്. ഹുറിയത്തിന്റെ സ്വാധീനം കുറയുന്നു എന്ന സംശയവും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നു. ഒപ്പം പ്രതിഷേധത്തില്‍ സായുധരായ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. അതേ സമയം പെല്ലറ്റ തോക്കുകളുടെ ഉപയോഗം ജനങ്ങളെ പ്രകോപിതരാക്കിയ സാഹചര്യത്തില്‍ ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളും ചര്‍ച്ചയാകും. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കണം എന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ജമ്മുകശ്മീര്‍ കടന്നു പോകുമ്പോള്‍ സര്‍വ്വകക്ഷി സംഘത്തിന്റേത് പതിവു സന്ദര്‍ശനമായി മാറരുത് എന്ന നിലപാടിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.