കുവൈത്ത് സിറ്റി: ജനാധിപത്യ രീതിയിലുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അര നൂറ്റാണ്ടിലേറെയായി നടത്തിയിട്ടുള്ള ഗള്‍ഫിലെ പ്രഥമ രാജ്യമാണ് കുവൈത്ത്. കൂടാതെ, സ്‌ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച ആദ്യ ഗള്‍ഫ് രാജ്യമാണെന്ന പ്രത്യേകതയുമുണ്ട് കുവൈത്തിന്. 1963 ല്‍ പാര്‍ലമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈറ്റ്. നാലുവര്‍ഷമാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 50 അംഗ പ്രതിനിധികളുടെ കാലാവധി.

രണ്ടര നൂറ്റാണ്ടായി കുവൈറ്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സാബാ രാജകുടുംബമാണ്. അല്‍ സാബാ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്കൊപ്പം ഭരണം നിര്‍വഹിക്കുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളെ കുവൈറ്റ് നിരോധിച്ചിട്ടുണ്ടങ്കില്ലും, ഇസ്ലാമിസ്റ്റ് , നാഷണലിസ്റ്റ്, ലിബറല്‍ ഗ്രൂപ്പുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിനിടെ, പാര്‍ലമെന്റ് സംവിധാനത്തില്‍ നിരിവധി തവണ ഭേദഗതികള്‍ വരുത്തിയിരുന്നു. 2006-ലായിരുന്നു കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതില്‍, ഒരു വോട്ടര്‍ക്ക് നാല് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍, ഇത് 2012-ല്‍ മാറ്റുകയുണ്ടായി. ഇതോടെ ഒരു വോട്ടര്‍ക്ക് ഒരു വോട്ട് എന്ന രീതിയാക്കി.

ഇതില്‍ പ്രതിഷേധിച്ച് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ 2012-ലയും 2013-ലെയും തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍, ഇവരില്‍ പലരും രാജ്യ താല്‍പര്യം മുന്‍ നിര്‍ത്തി ഈക്കുറി മല്‍സര രംഗത്തുള്ളത് പോളിംഗ് ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.