കോഴിക്കോട്: എൻ ഡിഎയിൽ നിന്ന് പുറത്തേക്കെന്ന് സൂചന നൽകി ബിഡിജെഎസ്. എൻഡിഎയിൽ ചേർന്നതിന് ശേഷം ബിഡിജെഎസിന്‍റെ അടിത്തറ തകർന്നെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഏതെങ്കിലും മുന്നണിയിൽ നിൽക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി കോഴിക്കോട് പറഞ്ഞു. ബോർഡ് കോർപ്പറേഷൻ ഭാരവാഹിത്വം സംബന്ധിച്ച് ബിഡിജെ എസിന്‍റെ ആവശ്യങ്ങളിൽ ബിജെപി ഇനിയും കണ്ണ് തുറന്നിട്ടില്ല. ഏറ്റവുമൊടുവിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി തുഷാർ നടത്തിയ കൂടിക്കാഴ്ചയിൽ പരാതികളിൽ ഉടൻ പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ച നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും വാഗ്ദാനം നടപ്പാക്കാത്തതിൽ ബിഡിജെഎസ് കടുത്ത അമർഷത്തിലാണ്. ഈ പ്രതിഷേധമാണ് തുഷാറിന്‍റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടത് മുന്നണിയോട് അടുക്കുകയാണ്. ബിഡിജെഎസ് ബിജെപി സഹകരണം നിലനിൽക്കുമ്പോഴും വേങ്ങര തെരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾ മനസാക്ഷി വോട്ട് ചെയ്യണമെന്നാണ് വെള്ളാപ്പള്ലി നടേശൻ അഭിപ്രായപ്പെട്ടത്. എൻ ഡിഎ യുമായി സഹകരിച്ചാൽ നിലനിപ്പുണ്ടാകില്ലെന്ന് സന്ദേശം വെള്ളാപ്പള്ളി സമുദായ അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. ഇതേ തുടർന്ന് ബിഡിജെഎസിൽ വ്യാപകമായ കൊഴിഞ്ഞ് പോക്ക് തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിഡിജെഎസ്സിന്‍റെ ചുവട് മാറ്റം.

എൻ ഡിഎയിൽ നിന്ന് പുറത്തേക്കെന്ന് സൂചന നൽകി ബിഡിജെഎസ്. അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് പറഞ്ഞ തുഷാർ വെള്ളാപ്പള്ളി സ്ഥിരമായി ഏതെങ്കിലും മുന്നണിയിൽ നിൽക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്നും ആരുമായും സഹകരിക്കാൻ തയ്യാറാണെന്നും പറഞ്ഞു. ഒരു മുന്നണിയുമായും ശത്രുത ഇല്ലെന്ന് പറ‍ഞ്ഞ തുഷാർ വെള്ളാപ്പള്ളി എൻഡിഎയ്ക്ക് ഒപ്പം ചേർന്നതിന് ശേഷം ബിഡിജെഎസിന്‍റെ അടിത്തറ തകർന്നെന്ന് അഭിപ്രായപ്പെട്ടു. 

വരും ദിവസങ്ങളിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ ഉണ്ടാകുമെന്നും ആരുമായും സഹകരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ഒരു മന്ത്രിയെ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും തുഷാര്‍ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പെട്ടെന്ന് പിരിച്ച് വിടുന്നത് ശബരിമലയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് പറഞ്ഞ തുഷാ‍ർ, ഗുരുവായൂ‍ർ പാർത്ഥ സാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടിയെയും വിമർശിച്ചു. രാഷ്ട്രീയത്തിൽ ഏതെങ്കിലുമൊരു മുന്നണിയിൽ സ്ഥിരമായി നിന്നോളാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.