2016 ജനുവരിയിലാണ് ഇന്ത്യയിലെത്തിയ ഒലാന്ദയും മോദിയും 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒലാന്ദയുടെ കാമുകി റിലയന്‍സുമായി ധാരണയിലെത്തിയെന്നാണ് ആരോപണം
ദില്ലി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് റിലയന്‍സിനെതിരെ ആരോപണം. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിക്ക് സിനിമ നിര്‍മ്മിക്കാന്‍ റിലയന്‍സ് സാമ്പത്തിക സഹായം നല്‍കിയെന്നാണ് ആരോപണം.
'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാ'ണ് വിഷയത്തിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റഫാല്‍ ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കാന്‍ തീരുമാനിച്ച ദിവസത്തിന് രണ്ട് ദിവസം മുമ്പ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒലാന്ദയുടെ കാമുകിയായിരുന്ന ജൂലിയും സിനിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചുവെന്നാണ് ആരോപണം.
2016 ജനുവരിയിലാണ് ഇന്ത്യയിലെത്തിയ ഒലാന്ദയും മോദിയും 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒലാന്ദയുടെ കാമുകി റിലയന്‍സുമായി ധാരണയിലെത്തിയത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒലാന്ദയുടെ സന്ദര്‍ശന സമയത്ത് റഫാല്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചില്ല.
തുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ 2016 സെപ്തംബറിലാണ് ദില്ലിയില്‍ വച്ച് രണ്ട് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചത്.
അതേസമയം ജൂലിയുടെ സിനിമ ഇന്ത്യയൊഴികെ എട്ട് രാജ്യങ്ങളില്‍ റിലീസ് ചെയ്തു. 59,000 കോടിയുടെ റഫാല്‍ കരാര്‍ ലഭിക്കാനായി അനില്‍ അംബാനി സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാവുകയായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണത്തോട് ഇതുവരം പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല.
