മലമ്പുഴ ഗ്രാമപഞ്ചായത്തിലെ സബിത ഉൾപ്പെടെയുളള മൂന്നൂറോളം പേർ തൊഴിലുറപ്പ് പദ്ധതിപ്രകാരം അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.
പാലക്കാട്: വനിതാ മതിലിന്‍റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളിൾക്ക് പണി നിഷേധിക്കുന്നതായി പരാതി. ജോലിയും കൂലിയും ഇല്ലാതായതോടെ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പാലക്കാട് മലമ്പുഴയിലാണ് സംഭവം. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് തൊഴിൽ നൽകുന്നതിന് കാലതാമസമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ സബിത ഉൾപ്പെടെയുളള മൂന്നൂറോളം പേർ തൊഴിലുറപ്പ് പദ്ധതിപ്രകാരം അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ജനുവരി രണ്ടിന് ശേഷം മാത്രമേ പുതിയ തൊഴിൽദിനങ്ങൾക്ക് തുടക്കമിടാനാകൂ എന്നാണ് പഞ്ചായത്ത് ഓഫീസിൽ നിന്ന് ഇവർക്ക് കിട്ടിയ വിശദീകരണം.
ഇവരുടെ കൂടെത്തന്നെയുളള തൊഴിലാളികൾ വനിത മതിലിന് പങ്കെടുക്കുന്നുണ്ടെന്നും അവർക്ക് വേണ്ടിയാണ് തൊഴിൽ ദിനങ്ങൾ ക്രമീകരിച്ച് പണി നൽകാത്തത് എന്നുമാണ് ഇവരുടെ ആരോപണം. പദ്ധതിപ്രകാരം തല്‍ക്കാലം പണിയില്ലെന്നാണ് ഇവരോട് പഞ്ചായത്ത് അധികൃതർ നൽകിയ വിശദീകരണം.
എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തൊഴിൽ നൽകാൻ വൈകുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വനിതാ മതിലായി ബോധവത്കരണവും പ്രചാരണവും നടത്തുന്നുണ്ട്. പക്ഷേ തൊഴിൽദിനങ്ങൾ പുനക്രമീകരിച്ചില്ലെന്നും പഞ്ചായത്ത് വിശദീകരിക്കുന്നു.
