സുരക്ഷയ്ക്കുള്ള ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചിട്ടും വിടാതെ നേതാക്കള്‍
തിരുവനന്തപുരം: സുരക്ഷയ്ക്കുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിട്ടും പൊലീസുകാരെ വിടാതെ നേതാക്കളും കേന്ദ്രമന്ത്രിമാരും. ആന്റോ ആന്റണി, പി ജെ ജോസഫ്, കെ സി ജോസഫ്, പി.കെ.ബഷീർ എംഎൽഎ, പി.പി.തങ്കച്ചൻ, കെ.എം.മാണി എന്നിവർക്കൊപ്പമുള്ളവർക്കൊപ്പം ഇപ്പോഴും പൊലീസുകാർ തുടരുകയാണ്.
കൂടാതെ, മുൻ കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി.വേണുഗോപാൽ, ശശി തരൂർ, കെ.വി.തോമസ്, കൊടുക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പം ഇപ്പോഴും അംഗരക്ഷരായി പൊലീസുകാര് തുടരുകയാണ്. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരെ നിലനിർത്തുന്നത്. പൊലീസുകാരെ തിരിച്ചുവിളിക്കാൻ സെക്യൂരിറ്റി അവലോകന കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതേതുടര്ന്ന്, വെള്ളാപ്പള്ളി, എൻ കെ പ്രേമചന്ദ്രൻ എന്നിവര്ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാർ തിരികെയെത്തി.
അതേസമയം, പൊലീസിലെ ദാസ്യപ്പണിയില് കൂടുതല് നടപടി ഉണ്ടാകുമെന്നാണ് സൂചന. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാന്ഡന്റെ പി.കെ. രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില് ടൈല്ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്മാരെ ഉപയോഗിച്ചിരുന്നു. പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാന് ക്യാമ്പ് ഫോളോവര്മാര് രംഗത്ത് എത്തി. ഇതു സംബന്ധിച്ച് ഡിജിപിക്ക് ഇന്ന് പരാതി നല്കും.
