തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ അധ്യാപകനിയമന വിവാദം ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം. സര്‍വകലാശാല എജ്യൂക്കേഷന്‍ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേട് ചര്‍ച്ചയ്ക്ക് എടുക്കാത്തതാണ് ബഹളത്തില്‍ കലാശിച്ചത്. അധ്യാപകരുടെ നിയമനം സംബന്ധിച്ച വിവാദപരമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കണമെന്ന് ഇടത്-വലത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്‍കി അനര്‍ഹരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. 

സര്‍വകലാശാല ആസ്ഥാനത്ത് സംഘര്‍ഷ സാധ്യത തുടരുകയാണ്. എസ്എഫ്‌ഐയുടെ പ്രതിഷേധം ആസ്ഥാനത്ത് തുടരുന്നു. അതിനിടെ എസ്എഫ്‌ഐയുടെ ഉപരോധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. സര്‍വകലാശാല വൈസ് ചാന്‍സലറെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ബന്ദിയാക്കിയിരിക്കുകയാണ്. വിസി രാജിവെക്കണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നത്.

രണ്ട് തസ്തികയിലേക്കായിരുന്നു നിയമനം. വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തുന്നത്. അദ്ദേഹം നിര്‍ദേശിക്കുന്ന വിദഗ്ധരും വകുപ്പുതലവനും അടങ്ങുന്നതാണ് സമിതി സമര്‍പ്പിക്കുന്ന റാങ്ക് പട്ടിക സാധാരണ നിലയില്‍ സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയാണ് പതിവ്. അക്കാഡമിക് മികവു കുറഞ്ഞവര്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് ഉയരുന്ന ആക്ഷേപം. ദേശീയ അവാര്‍ഡും ഡോക്ടറേറ്റും ഇല്ലാത്തവര്‍ക്ക് ആ വിഭാഗത്തിലെ അധികം മാര്‍ക്ക് നല്‍കി എന്നൊക്കെയാണ് പരാതി. അതേസമയം, അക്കാമഡിക് മികവുള്ളവരെ അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖപരീക്ഷയില്‍ തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥി വിവരാവകാശനിയമപ്രകാരം ശേഖരിച്ച മാര്‍ക്ക് വിവരങ്ങള്‍ സഹിതം ഹൈക്കോടതിയിലും സര്‍വ്വകലാശാലയിലും പരാതി നല്‍കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും ഓരോ ഒഴിവുകളാണുണ്ടായിരുന്നത്. ഗവേഷണ ബിരുദമുള്‍പ്പെടെയുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ മാര്‍ക്ക് നല്‍കാതിരിക്കുകയും അനര്‍ഹര്‍ക്ക് അധികം മാര്‍ക്ക് നല്‍കുകയും ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു. അക്കാദമിക മികവിന് എണ്‍പതില്‍ 25 മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിന് ഇരുപതില്‍ 19 മാര്‍ക്ക് നല്‍കുകയും ഇതേ വിഭാഗത്തില്‍ എണ്‍പതില്‍ 44 മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിന് ആറുമാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ നൂറിലധികം അധ്യാപക നിയമനത്തിന് സിന്‍ഡിക്കേറ്റിന്റെ അംഗീകാരമില്ലാതെ സംവരണക്രമം തീരുമാനിച്ച് വൈസ് ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതും വിവാദത്തിന് വഴിവെച്ചേക്കും. വൈസ് ചാന്‍സലര്‍ ഏകപക്ഷീയമായി വിജ്ഞാപനമിറക്കിയതിനെതിരേ സിന്‍ഡിക്കേറ്റംഗങ്ങള്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയിലെ സര്‍വ്വകലാശാലയില്‍ പല കാര്യങ്ങളിലും പരസ്പരം പോരടിക്കുന്ന ഇടത്-വലത് അംഗങ്ങള്‍ ഈ പ്രശ്നത്തില്‍ വിസിക്കെതിരെ ഒറ്റക്കെട്ടാണ്. അതേസമയം, വിവാദത്തോട് പ്രതികരിക്കാന്‍ വിസി ഡോക്ടര്‍ പികെ രാധാകൃഷ്ണന്‍ തയ്യാറായില്ല.