ശനിയാഴ്ച വൈകുന്നേരം കടയില്‍ സാധനം വാങ്ങാന്‍ പോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവരെ സിപിഎം ഓഫീസിലിരുന്ന് ചിലര്‍ ജാതിപ്പേര് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്യാന്‍ ഓഫീസിലേക്ക് കയറിയ തന്നെ കസേര ഉപയോഗിച്ച് അവിടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് അഖില പറയുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തിയാണ് തങ്ങളെ ആശുപത്രിയിലെത്തിച്ചതെന്നും യുവതികള്‍ പറയുന്നു. ഇതേതുടര്‍ന്ന് ചിലര്‍ വീട്ടിലെത്തി രാജനെ ആക്രമിക്കുകയും സാധനങ്ങളും ജനല്‍ച്ചില്ലുകളും തല്ലിതകര്‍ത്തെന്നും യുവതികള്‍ ആരോപിക്കുന്നു.

എന്നാല്‍ സംഭവം ആസൂത്രിതമാണെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടികളെ മര്‍ദ്ദിച്ചില്ലെന്നും ചോദ്യം ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും സിപിഎം പറയുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന്റെ വൈരാഗ്യമാണ് ഇങ്ങനെ തീര്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വീടാക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.