ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിൽ അടിയന്തരമായി വെടിനിര്‍ത്തൽ കരാര്‍ നടപ്പാക്കണമെന്ന് അമേരിക്ക. മനുഷ്യക്കുരുതി ഒഴിവാക്കാൻ യുഎന്നിന്റെ ശക്തമായ ഇടപെടൽ ആവശ്യമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം തുടര്‍ച്ചയായ അഞ്ചാം ദിവസവും സിറിയയിൽ ബോബാക്രമണം തുടരുകയാണ്.

അസദ് സൈന്യം പരിധി വിട്ടു. കിഴക്കൻ ഗൗത്തയിൽ അവശേഷിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ യുഎന്നിന്റെ ഇടപെടൽ കൂടിയേ തീരു പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി യുഎന്നിൽ കുവൈത്തും സ്വീഡനും പ്രമേയം അവതരിപ്പിച്ചു. സിറിയ ഭൂമിയിലെ നരകമായി മാറിയെന്നായിരുന്നു പ്രമേയം.

റഷ്യ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെടിനിര്‍ത്തൽ ആവശ്യം സിറിയൻ സൈന്യത്തെ പിന്തുണച്ച് യുദ്ധം ചെയ്യുന്ന റഷ്യ നേരത്തെ തള്ളിയിരുന്നു. അതേസമയം വിമത കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സിറിയൻ സൈന്യം ഞായറാഴ്ച തുടങ്ങിയ ആക്രമണം തുടരുകയാണ്. 46 പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ആകെ മരണം 380 കവിഞ്ഞു. 1200 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വൈദ്യസഹായമെത്തിക്കാൻ വെടിനിര്‍ത്തൽ കൂടിയെ തീരുവെന്നും റെഡ് ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു.