തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടിയിൽ മമതാ ബാനർജിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയില്‍  ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലി. 

കൊല്‍ക്കത്ത:തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടിയിൽ മമതാ ബാനർജിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയില്‍ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലി. ബംഗാളിലും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

അസം പൗരത്വ രജിസ്റ്ററിൽ ബിജെപിക്കെതിരെ രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം ഉയര്‍ത്തിയായിരുന്നു അമിത് ഷായുടെ വിമർശനം. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് തൃണമൂൽ കോൺഗ്രസിന്റെ വോട്ട്ബാങ്കെന്ന് അമിത് ഷാ ആരോപിച്ചു. 

ബിജെപി ബംഗാളിന് എതിരല്ല. മമതയൊണ് എതിര്‍ക്കുന്നത്. ദേശീയ പൗരത്വ രജിസ്ട്രർ പുറത്തിറക്കുന്നതിനെ മമതയ്ക്ക് തടയാനാവില്ലെന്നും വെല്ലുവിളി. തന്‍റെ പ്രസംഗം ടെലികാസ്റ്റ് ചെയ്യരുതെന്ന് ടെലിവിഷൻ ചാനലുകൾക്ക് മമതാ സർക്കാർ നിർദ്ദേശം നൽകിയെന്ന് അമിത്ഷാ ആരോപിച്ചു. 

ഇതിനെ നേരിടാൻ പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിലും നേരിട്ട് പ്രചരണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്ററിനെതിരെ തൃണമൂൽ കോണ്‍ഗ്രസ് ഇന്ന് പശ്ചിമബംഗാളിൽ കരിദിനം ആചരിക്കുകയാണ്. റാലിയിൽ പങ്കെടുക്കാനെത്തിയ അമിത്ഷായെ ഗോ ബാക് മുദ്രാവാക്യങ്ങളോടെയാണ് തൃണമൂൽ പ്രവര്‍ത്തകര്‍ നേരിട്ടത്.