ഗോവധം, ദളിതര്‍ക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജനക്ഷേമപദ്ധതികളുമായി ജനങ്ങളിലേക്കിറങ്ങാന്‍ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പൂര്‍ത്തിയാക്കണം. പാവപ്പെട്ടവരുടെ ഉന്നമനവും സദ്ഭരണവുമായിരിക്കണം ലക്ഷ്യമെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. ഭരണം മെച്ചപ്പെടുത്തതിനുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസ് പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ യോഗത്തിനെത്തിയില്ല. പകരം മുതിര്‍ന്ന മന്ത്രിയെ യോഗത്തിനെത്തിച്ചു. മുഖ്യമന്ത്രിമാരെ കൂടാതെ കേന്ദ്രമന്ത്രിമാരായ സുഷ്മ സ്വരാജ്, വെങ്കയ്യ നായിഡു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
