തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ സംസ്ഥാന നിര്‍വാഹക സമിതിയും എന്‍ഡിഎ യോഗവും ഇന്നു തിരുവനന്തപുരത്ത്. വെള്ളാപ്പള്ളിയും ശിവഗിരി മഠവും തമ്മിലെ അകല്‍ച്ച അകറ്റാനായി അമിത് ഷാ ഉച്ചക്ക് തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം മഠവും സന്ദര്‍ശിക്കും.

തെരഞ്ഞെടുപ്പു ഫലം വിശദമായി വിലയിരുത്തി പാര്‍ട്ടിയെ കേരളത്തില്‍ ശക്തിപ്പെടുത്തുകയാണ് അമിത്ഷായുടെ വരവിന്റെ ലക്ഷ്യം. ചില സ്ഥലങ്ങളിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചു പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ഒന്നാമതെത്തിക്കാന്‍ മുന്നിട്ടറങ്ങണമെന്ന് ഷാ ആഹ്വനം ചെയ്യും. സംഘടനയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ ചേര്‍ന്ന ഭാരവാഹിയോഗത്തിലുണ്ടായത്.

ഒന്നുകൂടി ശ്രമിച്ചെങ്കില്‍ മഞ്ചേശ്വരം, വട്ടിയൂര്‍കാവ്, ചെങ്ങന്നൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ കൂടി താമര വിരിയുമായിരുന്നുവെന്നു ഭാരവാഹിയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ബിഡിജെഎസിന്റെ ചില സ്ഥാനാര്‍ഥികള്‍ ദുര്‍ബലരായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. ജില്ലാ ഭാരവാഹി പട്ടികയില്‍ ഉടന്‍മാറ്റം വരുത്തും. ഒപ്പമുള്ള ബിഡിജെഎസിന്റെ താത്പര്യം കൂടി മുന്‍നിര്‍ത്തിയാണ് അമിത്ഷായുടെ ശിവഗിരി സന്ദര്‍ശനം.

എന്നാല്‍ വെള്ളാപ്പള്ളിയോടു കാലങ്ങളായി തുടരുന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കു ശിവഗിരി മഠം തയ്യാറല്ലത്താണു പ്രശ്‌നം. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വെള്ളാപ്പള്ളി ബന്ധത്തോട് ഇപ്പോഴും അത്ര താല്പര്യം കാണിക്കുന്നില്ല.