'ചില തെരഞ്ഞെടുപ്പ് വിപ്ലവകരമായിരിക്കും. 1977ലെ കോണ്‍ഗ്രസിന്റെ തോല്‍വി ഓര്‍മ്മയില്ലേ? ജാതീയതയ്ക്കും സ്വജനപക്ഷപാതത്തിനും മുകളില്‍ ദേശീയത നേടുന്ന വിജയമായിരിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം'
ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ശേഷം 2019 പൊതുതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായിക്കഴിഞ്ഞുവെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു.
വരാനിരിക്കുന്നത്, അത്ര നിസ്സാരമായ തെരഞ്ഞെടുപ്പ് ആയിരിക്കില്ലെന്ന് പറഞ്ഞ അമിത് ഷാ ബിജെപി 2014ലേക്കാള്‍ ശക്തിയോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പറയുന്നു.
'ചില തെരഞ്ഞെടുപ്പ് വിപ്ലവകരമായിരിക്കും. 1977ലെ കോണ്‍ഗ്രസിന്റെ തോല്‍വി ഓര്‍മ്മയില്ലേ? ജാതീയതയ്ക്കും സ്വജനപക്ഷപാതത്തിനും മുകളില്‍ ദേശീയത നേടുന്ന വിജയമായിരിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം.' -അമിത് ഷാ ദില്ലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ പറഞ്ഞു.
ദില്ലിയില്‍ ബിജെപി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ മൂന്ന് കേന്ദ്രങ്ങളും തമ്മില്‍ ഏറ്റുമുട്ടുമെന്നും അരവിന്ദ് കെജ്‍രിവാളും രാഹുല്‍ ഗാന്ധിയും പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങള്‍ ഇനിയും ജനം അംഗീകരിക്കാന്‍ പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞും, സിഖ് കലാപം മുതല്‍ അസമിലെ പൗരത്വ പ്രശ്‌നം വരെയുള്ള വിഷയങ്ങള്‍ ആളിക്കത്തിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ആദ്യപടിയെന്നോണം ഈ വിഷയങ്ങളെല്ലാം പാര്‍ട്ടിയുടെ ചെറുനേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അമിത് ഷാ വിശദീകരിച്ചു.
