തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയിലും അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിലും തുടര്‍ നടപടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് വിട്ട് ബിജെപി സംസ്ഥാന നേതൃത്വം. ആരോപണവിധേയനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശിന് ഭാരവാഹിയോഗം ക്ലീന്‍ ചിറ്റ് നല്‍കി. മെഡിക്കല്‍ കോഴയില്‍ ആര്‍എസ് വിനോദിന് മാത്രമാണ് പങ്കെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
കോര്‍ കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും മെഡിക്കല്‍ കോഴ കത്തിപ്പടര്‍ന്നു. വിവാദം ദേശീയതലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് പൊതുവികാരം. കേന്ദ്ര നേതൃത്വം കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന അമിത് ഷായുടെ സന്ദേശം ബിഎല്‍ സന്തോഷ് സംസ്ഥാന നേതാക്കളെ അറിയിച്ചു. എത്ര ഉന്നതരായാലും തല ഉരുളും. കോഴക്കൊപ്പം അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതും പാര്‍ട്ടി അതീവഗൗരവത്തോടെ കാണുന്നു.
കമ്മീഷന്‍ അംഗങ്ങള്‍ക്ക് രഹസ്യസ്വഭാവം സൂക്ഷിക്കാനായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ചളിവാരിയെറിയുന്നതിന് പകരം നടപടി അമിത് ഷാക്ക് വിടാമെന്ന നിലപാടാണ് ബിഎല്‍ സന്തോഷും എച്ച് രാജയും നിര്‍ദ്ദേശിച്ചത്. കോര്‍ കമ്മിറ്റിയുടേയും ഭാരവാഹിയോഗത്തിന്റെയും മിനുട്ടും ദില്ലിക്ക് കൈമാറും.സംസ്ഥാന സര്‍ക്കാറിന്റെ വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കും.
എല്ലാം ചെയ്തത് ആര്‍എസ് വിനോദ് ആണെന്നും അയാളെ പുറത്താക്കി എന്നുമാണ് ഔദ്യോഗിക വിശദീകരണം. ഒപ്പം എംടി രമേശിന് പൂര്‍ണ്ണ പിന്തുണയും നല്‍കുകയും ചെയ്തു. ഹവാലാ ഇടപാടിനെക്കുറിച്ച് വിജിലന്‍സ് എങ്ങിനെ അന്വേഷിക്കും, ഏത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എംടി രമേശിന് ക്ലീന്‍ ചിറ്റ് നല്‍കിയത്, ദില്ലിയിലുള്ള സതീഷ് നായര്‍, കുമ്മനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിലറിയപ്പെട്ടിരുന്ന രാകേഷ് ശിവരാമന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം എന്ത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല.
