.''പ്രധാനമന്ത്രി നരേന്ദ്രമോദി ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഒന്നും ചെയ്യില്ല. അദ്ദേഹം രാജ്യത്തെ നശിപ്പിക്കും. ദയവായി അദ്ദേഹത്തിന് വോട്ടു ചെയ്യുക....''

ദേവനഗിരി: ദക്ഷിണേന്ത്യയിലേക്ക് വഴിതുറക്കാന്‍ കര്‍ണാടകയില്‍ കഠിനപ്രയത്‌നം നടത്തുന്ന ബിജെപി ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കോണ്‍ഗ്രസില്‍ നിന്നല്ല സ്വന്തം നാവില്‍ നിന്നാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യെദ്യൂരിയപ്പ സര്‍ക്കാരിനെ അഴിമതിസര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചതാണ് പോയവാരം വാര്‍ത്തയായതെങ്കില്‍ ഇക്കുറി അമിത്ഷായുടെ പരിഭാഷകന് പറ്റിയ അമളിയാണ് പുതിയ വാര്‍ത്ത. 

ദേവനഗിരി ജില്ലയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അമിത് ഷായുടെ പരിഭാഷകന്‍ അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചത്. മോദിയുടെ ഭരണസാമര്‍ത്ഥ്യത്തെ പ്രശംസിച്ചു സംസാരിച്ച അമിത്ഷായുടെ വാക്കുകള്‍ പരിഭാഷകനായ പ്രഹഌദ് ജോഷി വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്...''പ്രധാനമന്ത്രി നരേന്ദ്രമോദി ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഒന്നും ചെയ്യില്ല. അദ്ദേഹം രാജ്യത്തെ നശിപ്പിക്കും. ദയവായി അദ്ദേഹത്തിന് വോട്ടു ചെയ്യുക....''

സത്യത്തില്‍ അമിത്ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു...'' കര്‍ണാടകയില്‍ വികസനം കൊണ്ടു വരാന്‍ യെദ്യൂരിയപ്പ സര്‍ക്കാരിനാവില്ല. നിങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വസമുണ്ടെങ്കില്‍ ദയവായി യെദ്യൂരിയപ്പയ്ക്ക് വോട്ട് ചെയ്യുക. കര്‍ണാടകയെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഞങ്ങള്‍ മാറ്റും...''. 

രണ്ട് ദിവസം മുന്‍പാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരിയപ്പയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട അമിത് ഷാ അദ്ദേഹം അഴിമതിയില്‍ നമ്പര്‍ വണ്‍ ആണെന്ന് അബദ്ധത്തില്‍ പറഞ്ഞത്...... ''ഏറ്റവും വലിയ അഴിമതിക്കാരെ കണ്ടെത്താനായി ഒരു മത്സരം സംഘടിപ്പിച്ചാല്‍ അതില്‍ ഒന്നാം സ്ഥാനം യെദ്യൂരിയപ്പ സര്‍ക്കാരിനായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട....'' സിദ്ധരാമയ്യ സര്‍ക്കാര്‍ എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ ഉദ്ദേശിച്ചത് പക്ഷേ അമ്പേറ്റത് യെദ്യൂരിയപ്പയ്ക്കായിപ്പോയി.

എന്തായാലും വീണു കിട്ടിയ ഈ അവസരം കര്‍ണാടകയിലെ കോണ്‍ഗ്രസുകാര്‍ വേണ്ട പോലെ ഉപയോഗിച്ചു. ഷായുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞു തൊട്ടുപിന്നാലെ കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റെത്തി.... '' ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ യെദ്യൂരിയപ്പയുടേതാണെന്ന് അങ്ങനെ അമിത് ഷായും സമ്മതിച്ചിരിക്കുന്നു...''