തമിഴകത്തിന്‍റെ തലൈവി ജയലളിതയുടെ പിന്‍ഗാമിയാരെന്ന് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സജീവ ചര്‍ച്ചകള്‍ നടക്കുകയാണ്. തോഴി ശശികലയുടെ പേരാണ് ആദ്യം ഉയര്‍ന്നതെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നത് മറ്റൊരു പേരാണ്. വേറാരുമല്ല. തമിഴകത്തിന്‍റെ സ്വന്തം തല അജിത് തന്നെ.

ജയലളിത ആളുപത്രിയില്‍ അത്യാസന്ന നിലയില്‍ തുടരുമ്പോള്‍ തന്നെ  ചില ദേശീയ മാധ്യമങ്ങള്‍ ജയയുടെ പിന്‍ഗാമി അജിത് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബള്‍ഗേറിയയില്‍ പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നും അജിത് ഇന്നു രാവിലെ മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കംചെയ്‍ത സ്ഥലത്തെത്തി അന്ത്യോപചാരം കൂടി അര്‍പ്പിച്ചതോടെ ഈ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുന്നു.  ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ അജിത്തിനു മാത്രമേ ആകൂ എന്നു കരുതുന്നവര്‍ പാര്‍ട്ടിയിലും ചലച്ചിത്രലോകത്തും നിരവധി ആളുകളുണ്ട്.

സെപ്തംബര്‍ 22ന് ജയ ആദ്യം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ആദ്യ സന്ദര്‍ശകനും അജിത് ആയിരുന്നു. അജിത് പാര്‍ട്ടിയെ നയിച്ചാല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉപദേശകനാകുമെന്ന് വിവിധ കന്നഡ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ മകനെപ്പോലെയാണ് ജയലളിതാമ്മ സ്നേഹിക്കുന്നതെന്നും തന്‍റെയും ശാലിനിയുടെ കല്ല്യാണത്തിന് അവര്‍ പങ്കെടുത്തത് അമ്മയുടെ സ്ഥാനത്ത് നിന്നാണെന്നും അജിത് പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. രാഷ്ട്രീയത്തില്‍ മുന്‍പരിചയമൊന്നും ഇല്ലെങ്കിലും ഡിഎംകെ നേതാവ് കരുണാനിധിക്കെതിരെ ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് അജിത് സംസാരിച്ചതും ഇപ്പോള്‍ പലരും കൂട്ടിവായിക്കുന്നുണ്ട്.