കുവൈത്ത്: കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആദ്യ രണ്ട് ദിവസങ്ങളിലായി 450 പ്രവാസികള്‍ സ്വദേശത്തേക്കു മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഈ മാസം 22-വരെ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യത്തിന്‍റെ കാലാവധി നീട്ടില്ലെന്നും താമസകാര്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വ്യക്തമാക്കി. അനധികൃത താമസക്കാരായി മാറിയവര്‍ക്ക് പിഴയൊന്നുമടയ്ക്കാതെ കുവൈത്ത് വിട്ടുപോകുന്നതിന് ഈ മാസം 22 വരെയാണ് അനുവദിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഒന്നരലക്ഷത്തിലധികം വിേദശികളുണ്ടന്നാണ് താമസ-കുടിയേറ്റ വകുപ്പിന്റെ കണക്ക്. നിയമ ലംഘകര്‍ക്കു രാജ്യംവിട്ടുപോകാന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ആനുകൂല്യത്തിന്റെ കാലാവധി നീട്ടില്ലെന്ന് താമസകാര്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ഹാജെരി പറഞ്ഞു. നിയമലംഘകരായി മാറിയിട്ടുള്ള വരുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചുനല്‍കാന്‍ സ്‌പോണ്‍സര്‍മാരോടും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ജനുവരി 24 നുമുമ്പ് താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയവര്‍ക്കാവും സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കും. താല്‍കാലിക താമസ അനുമതി ലഭിച്ചിരിക്കുന്ന നവജാതശിശുക്കളുടെ നില ഈ കാലയളവില്‍ പുതുക്കാവുന്നതാണ്. പതിനായിരക്കണക്കിന് വിദേശികളാണ് താല്‍കാലിക യാത്രാരേഖകള്‍ക്കായി തങ്ങളുടെ രാജ്യത്തിന്റെ എംബസികളെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ എംബസിയില്‍ നാല് ദിവസത്തിനുള്ള 8000,ത്തോളം പേരാണ് ഔട്ട്പാസിനായി അപേക്ഷിച്ചിട്ടുള്ളത്. പൊതുമാപ്പ് ആരംഭിച്ച ജനുവരി 29 ന് 200 പ്രവാസികളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു യാത്രയായത്. തൊട്ടടുത്ത ദിവസം 250 പേരും സ്വദേശത്തേക്കു മടങ്ങി. 27000-ാം ഇന്ത്യക്കാരാണ് താമസ-കുടിയേറ്റ നിയമ ലംഘകരായിട്ടുള്ളത്.ഇതിനുമുമ്പ് 2011 ഫെബ്രുവരിയിലാണ് കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
